Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സൈന്യത്തിനു നേരെ കല്ലേറ്; വെടിവയ്പിൽ രണ്ടു മരണം, കേന്ദ്രം റിപ്പോർട്ട് തേടി

Kashmir-Unrest ശ്രീനഗറില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന യുവാക്കൾ. (ഫയൽ ചിത്രം: റോയിട്ടേഴ്സ്)

ശ്രീനഗർ∙ ജമ്മു–കശ്മീര്‍ താഴ്‌വരയിൽ വീണ്ടും സംഘർഷം പുകയുന്നു. സൈനിക വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായതിനെത്തുടർന്നു നടത്തിയ വെടിവയ്പിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെട്ടു. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈൽ ജാവിദ് ലോണെ എന്നിവരാണു കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരുക്കേറ്റു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു യുവാവിന്റെ നില ഗുരുതരമാണ്. ഷോപിയാൻ ജില്ലയിലെ ഗണോവ്പൊറ ഗ്രാമത്തിലാണു സംഭവം. മേഖലയിൽ വൻ പ്രക്ഷോഭമാണു നടക്കുന്നത്. പ്രക്ഷോഭകർ ഞായറാഴ്ച ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സൈന്യത്തിന്റെ നടപടിയിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതിരോധ മന്ത്രി നിർമല സീതാരാമനെ ആശങ്ക അറിയിച്ചു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണു വെടിയുതിർത്തതെന്നാണു സൈന്യത്തിന്റെ വിശദീകരണം. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നു സംസ്ഥാനത്ത് സമാധാനത്തിനു ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള നീക്കങ്ങൾ തിരിച്ചടിയാണുണ്ടാക്കുന്നതെന്നോർക്കണമെന്നു കേന്ദ്രത്തോട് വ്യക്തമാക്കിയതായി മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക വക്താവ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് തേടിയതായി നിർമല മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഓരോ മേഖലയിലും നടപ്പാക്കിയിട്ടുള്ള നയങ്ങളെ കർശനമായി പാലിച്ചു കൊണ്ടു വേണം നടപടികളെന്ന് സൈന്യത്തെ അറിയിക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. സംഭവത്തിന്മേല്‍ മെഹബൂബയും ജില്ലാ ഭരണകൂടത്തോട് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആൾക്കൂട്ടം ഒരു സൈനികനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ആയുധം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് വെടിവച്ചതെന്നാണു സൈന്യത്തിന്റെ വിശദീകരണം. നൂറിലേറെ വരുന്ന ജനക്കൂട്ടം യാതൊരു പ്രകോപനവുമില്ലാതെയാണ് സൈനിക വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞത്. വൈകാതെ അവരുടെ എണ്ണം കൂടി വന്നു. 11 വാഹനങ്ങളാണ് അതുവഴി പോയിരുന്നത്. അതിൽ നാലു വാഹനങ്ങളെ വളഞ്ഞതോടെയാണ് വെടിവയ്ക്കേണ്ടി വന്നത്.

മൂന്നു വാഹനങ്ങൾ കല്ലേറില്‍ തകർന്നു. അതിനു തീ വയ്ക്കാനും ശ്രമമുണ്ടായി. ഏഴു സൈനികർക്കു പരുക്കേറ്റു. ഒരു സൈനികനു ഗുരുതര പരുക്കുണ്ട്. അദ്ദേഹത്തെ കല്ലെറിഞ്ഞു വീഴ്ത്തിയാണ് ജനക്കൂട്ടം ആക്രമിച്ച് ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചത്. സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണു വെടിവച്ചതെന്നും സൈനിക വക്താവ് അറിയിച്ചു.

സൈന്യത്തിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.