Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്രസിദ്ധ ഗുണ്ടാത്തലവൻ വിക്കി ഗൗണ്ടർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

vicky-gounder വിക്കി ഗൗണ്ടർ

ചണ്ഡിഗഡ് ∙ അതീവസുരക്ഷ ഏർപ്പെടുത്തിയ പഞ്ചാബിലെ നാഭാ സെൻട്രൽ ജയിൽ ചാടി  2016 നവംബറിൽ ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ടാതലവൻ ഹർജിന്ദർ സിങ് ഭുള്ളർ എന്ന വിക്കി ഗൗണ്ടറും കൂട്ടാളി പ്രേം ലഹോരിയയും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

പഞ്ചാബ്- രാജസ്ഥാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെയാണ് ഇയാളും കൂട്ടാളിയും കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ വെടിവയ്പ്പിൽ പരുക്കേറ്റ സുഖ്പ്രീത് സിങ് എന്ന ഗുണ്ടാസംഘാംഗം അബോഹറിലെ ആശുപത്രിയിൽ ചികിൽസയിലാണ്. 

പഞ്ചാബ് - രാജസ്ഥാൻ അതിർത്തിയിൽ വിക്കി ഗൗണ്ടർ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പഞ്ചാബ് പൊലീസിന്റെ കുറ്റകൃത്യ വിരുദ്ധ യൂണിറ്റാണ് തിരച്ചിൽ നടത്തിയത്. ഫസിൽക്ക ജില്ലയിലെ ഹിന്ദുമൽ കോട്ട് ഗ്രാമത്തിൽ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ വിക്കിയും കൂട്ടാളിയും വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പഞ്ചാബ് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഐജി നീലഭ് കിഷോർ പറഞ്ഞു. രണ്ട് പിസ്റ്റലുകൾ ഉൾപ്പെടെ മൂന്ന് ആയുധങ്ങൾ ഇവരിൽ നിന്നും കണ്ടെത്തി. വെടിവയ്പ്പിൽ പരുക്കേറ്റ ഒരു എസ്ഐയെയും എഎസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ടു തീവ്രവാദികൾ ഉൾപ്പെടെ മറ്റ് അഞ്ചു പേരുമായി നവംബർ 2016 ൽ നാഭാ ജയിൽ ചാടിയതോടെയാണ് വിക്കി ഗൗണ്ടർ കുപ്രസിദ്ധി നേടുന്നത്. ഇതിൽ വിക്കി ഒഴികെയുള്ളവരെ മാസങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‌‌‌ജയ്പാൽ സിങ് ആരംഭിച്ച ഗുണ്ടാസംഘത്തിലാണ് ഗൗണ്ടർ ആദ്യം ഇടം നേടിയത്. 2015 ജനുവരിയിൽ പഞ്ചാബിലെ മറ്റൊരു ഗുണ്ടാതലവനായ സുഖാ കഹൽവാനെ കൊലപ്പെടുത്തിയ സംഭവത്തോടെ വിക്കി ഗൗണ്ടർ വാർത്തകളിൽ ഇടം നേടി.

പൊലീസ് കസ്റ്റഡിയിൽ കോടതിയിലേക്കു കൊണ്ടുപോകുന്ന വഴിയിലാണ് കഹൽവാൻ, വിക്കി ഗൗണ്ടറിന്റെ നേതൃത്വത്തിൽ എത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ വിക്കി ഗൗണ്ടർ പഞ്ചാബ് പൊലീസിന്റെ നോട്ടപ്പുള്ളിയായി. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, കവർച്ച എന്നിങ്ങനെ വടക്കേ ഇന്ത്യയിലെ പ്രമാദമായ 15 ഓളം കേസുകളിൽ പ്രതിയാണ് വിക്കി ഗൗണ്ടർ.

നാഭ ജയിൽചാട്ടത്തിനു ശേഷം ഒളിവിലായിരിക്കെ ഫേസ്ബുക്കിലൂടെയും മറ്റും പൊലീസിനെ കളിയാക്കുക വിക്കി ഗൗണ്ടർ പതിവാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഗുർദാസ്പൂരിൽ എതിർചേരിയിലെ മൂന്ന് ഗുണ്ടകളെ വധിച്ചതിലും ഇയാൾക്കു പങ്കുള്ളതായാണ് പൊലീസിന്റെ നിഗമനം. വിക്കി ഗൗണ്ടറെ വധിച്ച പൊലീസ് സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 

related stories