Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയുടെ മഹാപ്രവാഹത്തിൽ ഇല പോലെ ഒഴുകുകയാണു ഞാൻ: മോഹൻലാൽ

Mohanlal-P-Sathasivam നടൻ മോഹൻലാലിനു കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സർവകലാശാല ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം സമ്മാനിക്കുന്നു. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

മലപ്പുറം ∙ നടൻ മോഹൻലാലിനും ഒളിംപ്യൻ പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്. സർവകലാശാല ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം ഇരുവർക്കും ഡിലിറ്റ് ബിരുദം സമ്മാനിച്ചു. മോഹൻലാലിനു ലഭിക്കുന്ന രണ്ടാമത്തെ ഒാണററി ഡോക്ടറേറ്റ് ആണിത്. നേരത്തേ കാലടി സംസ്കൃത സർവകലാശാലയുടെ ഡിലിറ്റ് ലഭിച്ചിരുന്നു. ഉഷയ്ക്കു ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റ് ആണിത്. 2000ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപൂർ ഐഐടിയും ‘പയ്യോളി എക്സ്പ്രസി’നു ഡോക്ടറേറ്റ് നൽകിയിരുന്നു. 

Read more at: ഡി-ലിറ്റ് ബഹുമതി വാങ്ങാൻ മോഹൻലാലെത്തി; തിക്കിത്തിരക്കി ആരാധകർ

മോഹൻലാലിന്റെ പ്രസംഗം:

പതിനെട്ടാമത്തെ വയസ്സിൽ യാദൃച്ഛികമായി സിനിമയിൽ എത്തിച്ചേർന്നയാളാണു ഞാൻ. 40 വർഷത്തിലധികമായി അഭിനയിക്കുക മാത്രമാണു ചെയ്തുകൊണ്ടിരുന്നത്. സിനിമ ഗൗരവമായി എടുത്തു തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചിരുന്നു, പഠനം കഴിഞ്ഞിട്ടു പോരേ അഭിനയം എന്ന്. എന്നാൽ, സാഹചര്യങ്ങൾ എന്നെ അന്ന്, അതിനനുവദിച്ചില്ല. കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഞാൻ ഒഴുകുകയായിരുന്നു. ഈ പ്രവാഹം എന്നെ ഏതൊക്കെയോ കടവുകളിലും കരകളിലും എത്തിച്ചു. ഇപ്പോഴും ആ പ്രവാഹത്തിൽത്തന്നെയാണ്. എത്തിച്ചേരുന്നതില്ല, ഒഴുകുന്നതിലാണു രസം എന്നു ഞാൻ തിരിച്ചറിയുന്നു. 

പി.ടി.ഉഷയുടെ പ്രസംഗം:

PT Usha P Sathasivam ഒളിംപ്യൻ പി.ടി.ഉഷയ്ക്കു കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സർവകലാശാല ക്യാംപസിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം സമ്മാനിക്കുന്നു. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സഹോദരീസഹോദരൻമാരുടെ പ്രാർഥനയുടെ ഫലമായി ഞാനിന്നു കുറെപ്പേരെങ്കിലും അറിയുന്ന ഒരു കായികതാരമാണ്. ഒരു ഒളിംപിക്സ് മെഡൽ ഒഴിച്ച് എന്റെ ജീവിതത്തിൽ ആശിച്ച മറ്റെല്ലാം നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ആ മെഡൽ നഷ്ടത്തിന്റെ 35 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ഇന്ത്യക്കാരന് ഇനിയും അതിനടുത്ത് എത്താനായിട്ടില്ല. ഒരുമിച്ചു പരിശ്രമിച്ചാൽ 2020ൽ ടോക്കിയോയിൽ, 2024ൽ പാരീസിൽ തീർച്ചയായും നമ്മൾ അതു നേടിയിരിക്കും. 

related stories