Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം; കോഹ്‍ലിക്ക് സെഞ്ചുറി

Kohli ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോ‍ഹ്‍ലിയുടെ ബാറ്റിങ്

ഡർബൻ∙ സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി മുന്നില്‍നിന്നു നയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു ആറു വിക്കറ്റു ജയം. ദക്ഷിണാഫ്രിക്കയുയർത്തിയ 270 റൺസ് വിജയ ലക്ഷ്യം 45.3 ഓവറിൽ ഇന്ത്യ മറികടന്നു. ഏകദിനത്തിലെ 33–ാം സെഞ്ചുറിയുമായി വിരാട് കോ‍ഹ്‍ലി നിലയുറപ്പിച്ചപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാർ.

വിരാട് കോഹ്‍ലി 119 പന്തില്‍ 112 റൺസ് നേടി പുറത്തായി. പരമ്പരയിലെ ആദ്യ ജയത്തോടെ ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിച്ചിട്ടില്ലെന്ന ചീത്തപ്പേരും ഇന്ത്യ മായ്ച്ചുകളഞ്ഞു. എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. അർധസെഞ്ചുറി നേടിയ അജിൻക്യ രഹാനെയും ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചു. 86 പന്തിൽ 79 റൺസുമായാണു രഹാനെ മടങ്ങിയത്. പതിഞ്ഞ താളത്തിൽ തുടങ്ങി വിക്കറ്റുകളയാതെ വിജയലക്ഷ്യം കീഴടക്കുകയെന്ന തന്ത്രമാണ് ഇന്ത്യ ഡർബനില്‍ പയറ്റിയത്.

ഓപ്പണർ ശിഖർ ധവാന്‍ (29 പന്തില്‍ 35), രോഹിത് ശര്‍മ (30 പന്തിൽ 20) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റു താരങ്ങൾ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പെഹ്‍ലുക്വായോ രണ്ടു വിക്കറ്റും മോണി മോര്‍ക്കല്‍‌ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ സ്കോർ 33ൽ നില്‍ക്കെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിനു ക്യാച്ച് നൽകി രോഹിത് പുറത്തായി. ശിഖർ ധവാനെ മർക്‌‍റാം റണ്ണൗട്ടാക്കുകയായിരുന്നു. സ്കോർ 256ൽ നിൽക്കെ അജിൻക്യ രഹാനെയും പുറത്തായി. ഫെലൂക്‌വായോയുടെ പന്തിൽ ഇമ്രാൻ താഹിറിനു ക്യാച്ചു നൽകിയാണു രഹാനെ കൂടാരം കയറിയത്. റബാഡയ്ക്കു ക്യാച്ച് നല്‍കിയായിരുന്നു കോഹ്‍ലിയുടെ മടക്കം.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും സെഞ്ചുറി

South Africa India Cricket വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവിലാണ് എട്ടു വിക്കറ്റു നഷ്ടത്തിൽ 269 റൺസ് നേടിയത്. 101 പന്തുകളിൽ നിന്നാണു ഡുപ്ലെസി കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറി നേടിയത്. 109 പന്തുകൾ നീണ്ട ഇന്നിങ്സിനൊടുവിൽ 120 റൺസ് സ്വന്തമാക്കിയാണു ഡുപ്ലെസി പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യുസ്‍വേന്ദ്ര ചഹൽ‌ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാർ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഡുപ്ലെസിക്കു പുറമെ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയതു ക്രിസ് മോറിസ് (43 പന്തിൽ 37), ക്വിന്റൺ ഡികോക്ക് (49 പന്തിൽ 34), ഫെലൂക്‌വായോ (33 പന്തിൽ പുറത്താകാതെ 27) എന്നിവർ മാത്രം. ഹാഷിം അംല (17 പന്തിൽ 16), എയ്ഡൻ മർക്റാം (21 പന്തില്‍ ഒൻപത്), ജെ.പി.ഡുമിനി (16 പന്തിൽ 12), ഡേവിഡ് മില്ലർ (ഒമ്പതു പന്തിൽ ഏഴ്), റബാഡ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോർ. മോണി മോർക്കൽ പുറത്താകാതെനിന്നു.

പിടിച്ചുകെട്ടി ഇന്ത്യയുടെ സ്പിൻ ബ്രോസ്

പേസ് ബോളിങ്ങിനു പേരുകേട്ട ഡർബനിലെ പിച്ചിൽ‌ ഇന്ത്യൻ നിരയിൽ തിളങ്ങിയതു സ്പിൻ ബോളർമാരായ യുസ്‍വേന്ദ്ര ചഹലും കുല്‍ദീപ് യാദവും. ദക്ഷിണാഫ്രിക്കൻ ഓപ്പണിങ് നിരയിലെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ചഹൽ തുടങ്ങിയപ്പോൾ‌ മധ്യനിരയുടെ നടുവൊടിച്ചു ചൈനാമെൻ‌ ബോളർ കുൽ‌ദീപ് യാദവ് കരുത്തുകാട്ടി. കുൽദീപ് മൂന്നും ചഹൽ രണ്ടും വിക്കറ്റുകൾ നേടി.

മധ്യനിരയിലെ ജെ.പി.ഡുമിനി, ഡേവിഡ് മില്ലർ, ക്രിസ് മോറിസ് എന്നിവരെയാണു കുൽദീപ് കൂടാരം കയറ്റിയത്. ഡുമിനിയും മോറിസും കുൽദീപിന്റെ കുത്തിത്തിരിഞ്ഞ പന്തിൽ ബൗൾഡായി. ഇരുവരും എറിഞ്ഞ 20 ഓവറുകളിൽ ആകെ പിറന്നതു രണ്ടു ഫോറുകളും രണ്ടു സിക്സറുകളും മാത്രം. തുടക്കത്തിൽ മികച്ച രീതിയിൽ ബാറ്റു വീശിയ ഡിക്കോക്കിനെ മടക്കിയ ചഹലാണു ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. മർക്രാമിനെയും വലിയ സ്കോർ നേടാൻ വിടാതെ ചഹൽ‌ കൂടാരം കയറ്റി. ഫാസ്റ്റ് ബോളർമാര്‍ക്കു വീഴ്ത്താനായതു രണ്ടു വിക്കറ്റുകൾ‌ മാത്രമാണ്.

related stories