Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 വർഷമായിട്ടും ബിരുദ സർട്ടിഫിക്കറ്റില്ല; യുവാവ് സർവകലാശാല ഓഫിസിനു തീയിട്ടു

x-default x-default

വഡോദര∙ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തിന് മുൻ വിദ്യാർഥി തീയിട്ടു. അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വർഷം നീണ്ടതിനെത്തുടർന്ന് ക്ഷമനശിച്ച, ചന്ദ്രമോഹനെന്ന മുൻ വിദ്യാർഥിയാണ് സർവകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹൻ എംഎസ് സർവകലാശാലയിൽ 2007 കാലഘട്ടത്തിൽ ഫൈൻ ആർട്സ് വിദ്യാർഥിയായിരുന്നു 

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധവും ചന്ദ്രമോഹനെതിരെയുണ്ടായി. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാൻ വരെ ഈ ചിത്രപ്രദർശനം കാരണമായിരുന്നു  

പഠനം പൂർത്തിയാക്കി 11 വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റിനു കാലതാമസം നേരിട്ടതിന്റെ കാരണം അറിയാൻ സർവകലാശാല വൈസ് ചാൻസലറായ പരിമൾ വ്യാസിനെ കാണാനെത്തിയതായിരുന്നു മോഹൻ. യൂണിവേഴ്സിറ്റി അധികൃതർക്ക് ഒട്ടേറെ കത്തുകളെഴുതിയെങ്കിലും യാതൊരു പ്രതികരണവുമില്ലായിരുന്നുവെന്നും മോഹൻ ആരോപിക്കുന്നു.

വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തർക്കത്തിനെത്തുടർന്ന് ഇയാൾ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസ് കെട്ടിടത്തിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ജിഗാർ ഇനാമ്ദാറിന് തീപ്പിടിത്തത്തിൽ ചെറിയ പരുക്കേറ്റതായും പൊലീസ് പറയുന്നു.

മോഹനെ അറസ്റ്റു ചെയ്തതായും കോടതിയിൽ ഉടൻ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. വളരെ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് വിസി പ്രതികരിച്ചു. താൻ ഗാന്ധിനഗറിൽ ആയിരുന്നു. ചന്ദ്രമോഹൻ ഒരു ദിവസം കൂടി  കാത്തിരുന്നാൽ മതിയായിരുന്നുവെന്നും സർവകലാശാല വിസി പ്രതികരിച്ചു.

related stories