Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ എന്നോട് എല്ലാ ‘മോശം കാര്യങ്ങളും’ ചെയ്തു: ‘കിൽബിൽ’ നായികയും ഹാർവിക്കെതിരെ

Uma-Thurman ‘കിൽ ബിൽ’ സിനിമയിൽ ഉമ തർമൻ.

ലൊസാഞ്ചലസ്∙ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്നാരോപിച്ച് നടി ഉമ തർമനും രംഗത്ത്. ഹാർവിക്കെതിരെ ഹോളിവുഡിൽ നിന്നുണ്ടായ എഴുപതോളം പീഡനാരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഉമയുടേത്. 1994ൽ ഹാർവിയുടെ മിറാമാക്സ് സ്റ്റുഡിയോ നിർമിച്ച ‘പൾപ് ഫിക്‌ഷൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് ഉമയുടെ പരാതി. ‘ന്യൂയോർക് ടൈംസി’ന്റെ കോളത്തിലാണ് ഉമയുടെ വെളിപ്പെടുത്തൽ.

എന്നാൽ ഉമയെ മോശം രീതിയിൽ സമീപിച്ചുവെന്നു സമ്മതിച്ച ഹാർവി ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആവശ്യമെങ്കിൽ നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാവിന്റെ അഭിഭാഷകൻ അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ‘മി ടൂ’ ക്യാംപെയ്ൻ ഹോളിവുഡിൽ ശക്തമായ സമയത്ത് ഹാർവിക്കു നേരെ പരോക്ഷ ആരോപണം ഉന്നയിച്ച് ഉമ രംഗത്തു വന്നിരുന്നു.

തൊഴിലിടത്തിൽ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ഉചിതമായ സമയത്തു പ്രതികരിക്കുമെന്നായിരുന്നു ഉമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ദേഷ്യത്തിന്റെ പുറത്ത് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അന്ന് ഉമ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണു പുതിയ വെളിപ്പെടുത്തൽ.

അറുപത്തിയഞ്ചുകാരനായ ഹാർവിക്കെതിരെ മോശം പെരുമാറ്റത്തിനും പീഡനത്തിനും ഒട്ടേറെ നടിമാർ ആരോപണമുന്നയിച്ചിരുന്നു. ‘പൾപ് ഫിക്‌ഷ’ന്റെ ചിത്രീകരണത്തിനിടെ ലണ്ടനിലെ ഹോട്ടലിൽ വച്ചാണു തന്നെ പീഡിപ്പിച്ചതെന്ന് നാൽപത്തിയേഴുകാരിയായ ഉമ പറയുന്നു. തനിക്കു നേരെ ബലപ്രയോഗത്തിലൂടെ എല്ലാ ‘മോശം കാര്യങ്ങളും’ ചെയ്തു എന്നാണ് ഉമ വ്യക്തമാക്കിയത്.

എന്നാൽ രണ്ടു ദശാബ്ദക്കാലമായി ഒരുമിച്ചു ജോലി ചെയ്യുന്ന സഹപ്രവർത്തക എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്ന് ഹാർവി വ്യക്തമാക്കി. 25 വർഷത്തിനു ശേഷം ആരോപണം ഉന്നയിച്ചത് സംശയിക്കേണ്ടതുണ്ട്. ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഹാര്‍വി പറഞ്ഞു. മിറാമാക്സ് സ്റ്റുഡിയോ നിർമിച്ച ‘കിൽ ബിൽ’ സീരിസ് ചിത്രങ്ങളിലും ഉമ തുർമനായിരുന്നു നായിക.

related stories