Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ഞായറാഴ്ച സൗജന്യകോൾ; ഓഫർ നിലനിർത്തി ബിഎസ്എൻഎൽ

bsnl-logo

കൊല്ലം ∙ അവസാന നിമിഷം മണി മുഴങ്ങി, സൺഡേ ഫ്രീ കോൾ ഓഫർ ബിഎസ്എൻഎൽ പുനഃസ്ഥാപിച്ചു. ഇതോടെ ഞായറാഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ഫോണുകളിൽ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫർ നിലനിൽക്കും. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫർ നീട്ടുന്നതെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതൽ ഞായറാഴ്ചകളിലെ പൂർണ സമയ സൗജന്യ കോൾ സേവനം നിർണമെന്ന് ബിഎസ്എൻഎൽ സിഎംഡി എല്ലാ സർക്കിളുകൾക്കും ജനുവരി പകുതിയോടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവും ഇറങ്ങിയിരുന്നു. എന്നാൽ കേരളമടക്കം എല്ലാ സർക്കിളുകളും ഈ ഓഫർ പിൻവലിക്കുന്നതിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു.

മൊബൈൽ ഫോണുകളുടെ വരവോടെ ജനപ്രീതി ഇടിഞ്ഞ ലാൻഡ്ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു 2016ലെ സ്വാതന്ത്ര്യ ദിനത്തിൽ ഞായറാഴ്ചകളിൽ പൂർണ സൗജന്യ കോൾ‌ സേവനം ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഇതിനൊപ്പം രാത്രികാല സൗജന്യ കോൾ സേവനവും ലാൻഡ് ഫോൺ കണക്‌ഷൻ, റീകണക്‌ഷൻ എന്നിവയുടെ നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ ലാൻഡ് ഫോൺ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി.

രാത്രികാല സൗജന്യ കോൾ സേവനത്തിന്റെ സമയ പരിധി വെട്ടിക്കുറച്ചതിനു പിന്നാലെയാണു ഞായറാഴ്ചകളിലെ സൗജന്യ കോൾ സേവനവും പിൻവലിക്കാൻ ബിഎസ്എൻഎൽ തീരുമാനമെടുത്തത്. വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പു ശക്തമായതോടെ ഓഫർ പിൻവലിക്കുന്നതു പ്രാബല്യത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിഎസ്എൻഎൽ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.