Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോദി കെയർ’ ബാധ്യതയാകുമോ?; പ്രതിവർഷം ചെലവ് ഒരു ലക്ഷം കോടി

Doctor പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ 50 കോടി ജനങ്ങൾക്കായി പ്രഖ്യാപിച്ച ‘മോദി കെയർ’ ആരോഗ്യ പരിരക്ഷാ പദ്ധതിക്കു വാർഷികച്ചെലവ് ഒരു ലക്ഷം കോടി രൂപ. സാമ്പത്തിക ഗവേഷണ കേന്ദ്രമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാ‍ൻസ് ആൻഡ് പോളിസിയുടെ (എൻഐപിഎഫ്പി) ഗവേഷണ പ്രബന്ധത്തിലാണ് ഈ കണക്ക്.

കഴിഞ്ഞദിവസം നിതി ആയോഗ് ഉപദേശകൻ അലോക് കുമാർ പറഞ്ഞതിന്റെ പത്തിരട്ടി തുകയാണ് എൻഐപിഎഫ്പി കണക്കാക്കുന്നത്. മോദി കെയറിനു വർഷംതോറും 10,000–12,000 കോടി രൂപ ചെലവു വരുമെന്നായിരുന്നു അലോക് കുമാർ വ്യക്തമാക്കിയത്. വൻ ചെലവിനൊപ്പം സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പദ്ധതിയാണിതെന്നും ‘ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി ശരിയായ ദിശയിലോ ?’ എന്ന പ്രബന്ധത്തിൽ എൻഐപിഎഫ്പി അസിസ്റ്റന്റ് പ്രഫസർ മിത ചൗധരി അഭിപ്രായപ്പെട്ടു.

‘ഇങ്ങനെയൊരു പദ്ധതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വലിയ ബാധ്യത വരുത്തിവയ്ക്കും. സ്വന്തം ആരോഗ്യനയം രൂപീകരിക്കാൻ സാധിക്കാത്തവിധം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിലാകും പദ്ധതിയുടെ ചെലവു വഹിക്കേണ്ടി വരികയെന്നാണ് അറിയുന്നത്. അങ്ങനെയായാലും കേന്ദ്രം അധികമായി 60,000 കോടി രൂപ കണ്ടെത്തണം. ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങൾക്ക് ആകെ അനുവദിച്ചിരിക്കുന്നത് 55,000 കോടി രൂപയാണ്’– പ്രബന്ധത്തിൽ പറയുന്നു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ ഒരു ശതമാനം അധിക സെസ് ഏർപ്പെടുത്തി 11,000 കോടി രൂപ സമാഹരിക്കാമെന്നാണു നിതി ആയോഗിന്റെ വാദം. ഈ പണം മതിയാകില്ലെന്നും സർക്കാരിനു വലിയ പണച്ചെലവ് സൃഷ്ടിക്കുന്നതാണു പദ്ധതിയെന്നും എൻഐപിഎഫ്പി പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. 

പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ

സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിൽ ദരിദ്രവിഭാഗമായി കണക്കാക്കിയ 10 കോടി കുടുംബങ്ങളിലെ അംഗങ്ങളെയാകും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക. ഗുണഭോക്താക്കൾക്കു പ്രത്യേക തിരിച്ചറിയൽ കാർഡുണ്ടാകില്ല. പ്രീമിയവും അടയ്ക്കേണ്ടതില്ലെന്നാണു സൂചന. ആരോഗ്യ പരിരക്ഷാപദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കും. രോഗചികിൽസ, അത്യാഹിത ചികിൽസ, ട്രോമ കെയർ തുടങ്ങിയവയെല്ലാം പരിരക്ഷയിൽ ഉൾപ്പെടും.

related stories