Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്ക്; കേരളത്തിലേക്ക് മടങ്ങാനാകില്ല

Binoy Kodiyeri

ദുബായ്∙ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്. ജാസ് ടൂറിസത്തിന്റെ പരാതിയിൽ യുഎഇയാണു ബിനോയ്ക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിലവിൽ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി. ബിനോയ്‌യുടെ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരിൽ ദുബായിൽ സിവിൽ കേസെടുത്തത്.

പത്തുലക്ഷം ദിർഹം (1.74 കോടി രൂപ) നൽകുന്നതിനു പരാജയപ്പെട്ടതിനാൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് നോട്ടിസിൽ പറയുന്നത്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ ബിനോയ്ക്കെതിരായ യാത്രവിലക്ക് നീക്കാൻ സാധിക്കും. അതേസമയം, യുഎഇ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്. കേസുകൾ അവിടെ ഒത്തുതീർപ്പാക്കുന്നതിനായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ജനുവരി 25 നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബിനോയ് സ്വന്തമാക്കിയത്.

അതിനിടെ, ബിനോയ്ക്കെതിരെ കേസ് നൽകിയ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി എന്ന യുഎഇ പൗരൻ ഇന്നു തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയി. ബിനോയ്ക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത് വിജയനെ സംബന്ധിച്ച വാർത്തകൾ കോടതി വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ശ്രീജിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താ സമ്മേളനത്തിൽ സൂചിപ്പിക്കേണ്ടി വരുമെന്നു മർസൂഖി ചൂണ്ടിക്കാട്ടിയിരുന്നു.

അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ടെന്നും മകൻ‌ ദുബായിൽത്തന്നെ ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാവിലക്കെന്നതും ശ്രദ്ധേയം.

ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ഉത്തരവ്

ബിനോയ്ക്കെതിരെ ഉയർന്ന ആരോപണം ഇങ്ങനെ

ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് സ്വന്തം അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണു ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപു തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണു മൊത്തം 13 കോടി രൂപയുടെ കണക്ക്.