Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലദ്വീപിൽ അടിയന്തരാവസ്ഥ; മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂം അറസ്റ്റിൽ

Maldives Emergency അടിയന്തരാവസ്ഥയെ തുടർന്ന് മാലദ്വീപിലെ തെരുവുകളിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയപ്പോൾ. ചിത്രം: എപി

മാലെ∙ രാഷ്ട്രീയ സന്ദിഗ്ധാവസ്ഥയ്ക്കിടെ മാലദ്വീപിൽ പ്രസിഡന്റ് അബ്ദുല്ല യമീൻ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയമകാര്യമന്ത്രി ആസിമ ഷക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാർലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ് തള്ളിക്കളയുന്നതായി ഭരണനേതൃത്വം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു പുതിയ നീക്കം.

ഇന്നലെ രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായ ശേഷം സൈന്യം സുപ്രീം കോടതിക്കുള്ളിൽ കയറിയതായി കോടതി വക്താവ് പറഞ്ഞു. കോടതിക്കുള്ളിൽ ജഡ്ജിമാർ ഉള്ളതായാണു വിവരം. മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂമിനെയും മരുമകനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി വൈകി അബ്ദുൽ ഗയൂമിന്റെ വീട്ടിൽ ഇരച്ചുകയറിയ പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. പ്രസിഡന്റ് യമീന്റെ അർധസഹോദരനായ അബ്ദുൽ ഗയൂം അടുത്തിടെ ്രപസിഡന്റിന്റെ നടപടികളെ വിമർശിച്ച് പ്രതിപക്ഷത്തെ പിന്തുണച്ചിരുന്നു.

കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേർന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പാർലമെന്റ് ചേ‍ർന്നാൽ ഭരണകക്ഷിക്കു ഭരണം നഷ്ടപ്പെടും. ഇതോടെ പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണ ചെയ്യുമെന്ന ഭയമാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അനുസരിക്കാതിരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി ഹുസൈൻ റഷീദ് ഇന്നലെ രാജിവച്ചിരുന്നു.

ഇതേസമയം, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലല്ലെങ്കിൽ മാലദ്വീപിലേക്ക് യാത്ര ചെയ്യരുതെന്നു കേന്ദ്ര സർക്കാർ ഇന്ത്യക്കാർക്കു മുന്നറിയിപ്പ് നൽകി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ചൈനയും പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഒൻപതു പ്രമുഖ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും പാർലമെന്റിൽനിന്നു പുറത്താക്കിയ 12 വിമത എംപിമാരെ തിരിച്ചെടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. രാഷ്ട്രീയ തടവുകാർക്കെതിരായ വിധി രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലാണു കോടതി നടത്തിയത്.

ഇന്നലെ തുടങ്ങേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം അനിശ്ചിതമായി നീട്ടിയതു പ്രതിസന്ധി ഒഴിവാക്കാനായിരുന്നു. പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാൻ നീക്കമുണ്ടായാൽ അവഗണിക്കണമെന്നു സൈന്യത്തിന് അറ്റോർണി ജനറൽ നിർദേശം നൽകുകയും ചെയ്തിരുന്നു.

കോടതി ഉത്തരവ് അനുസരിക്കാൻ ഐക്യരാഷ്ട്ര സംഘടനയും യുഎസ് അടക്കം രാജ്യങ്ങളും മാലദ്വീപ് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നു പ്രതിപക്ഷം അഭ്യർഥിച്ചു.