Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ മുലപ്പാൽ വിറ്റ് ഒരമ്മ തെരുവിൽ

young-mother-breast-milk-selling തെരുവിൽ മുലപ്പാൽ വിൽക്കുന്ന കുടുംബം. (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)

ബെയ്ജിങ്∙ രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ അമ്മ മുലപ്പാൽ വിൽക്കുന്നു. ചൈനയിലാണു സംഭവം. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടർന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉൾപ്പെടെയുള്ളവ ചിത്രം സഹിതം വാർത്ത നൽകിയിട്ടുണ്ട്. ചൈനയിലെ ഷെൻഴെൻ മേഖലയിലെ തെരുവിൽനിന്ന് എടുത്തിട്ടുള്ള ചിത്രത്തിൽ മുട്ടിൽനിന്നു കുഞ്ഞിനു മുലപ്പാൽ നൽകുന്ന അമ്മയെയും ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നിൽക്കുന്ന അച്ഛനെയും കാണാം.

‘സെൽ ബ്രസ്റ്റ് മിൽക്, സേവ് ഡോട്ടർ’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററിൽ ഒരു മിനിറ്റ് നേരം മുലപ്പാൽ നൽകുന്നതിന് 10 യുവാൻ ആണ് ചാർജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികൾ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെൺകുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണു മുലപ്പാൽ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവിൽ കുഞ്ഞിന്റെ ചിത്രവും മെഡിക്കൽ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.

ഗ്വാങ്സിയില്‍നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനിൽനിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭർത്താവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 16 വർഷമായി ഷെന്‍ഴെനിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാൾ. ഡിസംബർ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്.

ചൈനയിലെ സർക്കാർ ക്ഷേമ ഫണ്ടുകൾ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുക ചുരുക്കമാണ്. മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാൽ പാവപ്പെട്ടവർ സ്വന്തക്കാരുടെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്. ചിലർ ശരീരം വിറ്റ് കുഞ്ഞുങ്ങളെ നോക്കുമ്പോൾ, കുട്ടികളെ മികച്ച രീതിയിൽ വളർത്താനാകാത്ത ചിലർ അവരെ ഉപേക്ഷിക്കുന്നതും പതിവാണ്.  

related stories