Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികളുമായി കാണാതായ എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ വിട്ടയച്ചു

oil-tanker-vessel-representational-image Representational Image

മുംബൈ∙ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി ആഫ്രിക്കൻ തീരത്തു കാണാതായ എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പല്‍ നാലു ദിവസങ്ങൾക്കുശേഷം കണ്ടെത്തി. കപ്പൽ തട്ടിയെടുത്ത കടൽക്കൊള്ളക്കാർ ഇന്നു വിട്ടുകൊടുത്തു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പൽ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പൽ ഇപ്പോൾ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ, മാലിനി ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പൽ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകൻ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. അതേസമയം, ശ്രീഉണ്ണി അടക്കം 22 പേരെ വിട്ടയച്ചെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊട്ടോനൗവിൽ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നൽ ലഭിച്ചത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്നു രാവിലെ 2.36ന് ഗൾഫ് ഓഫ് ഗിനിയയിൽ വച്ച് കപ്പലുമായുള്ള ആശയവിനിമയവും സാധ്യമല്ലാതായി. ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ബെനീനിലെയും നൈജീരിയയിലെയും സർക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണു കപ്പൽ.

52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടൺ ഇന്ധനമാണു കപ്പലിലുണ്ടായിരുന്നത്. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പൽ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കപ്പൽ അവസാനമായി നങ്കൂരമിട്ട പ്രദേശത്തു നൈജീരിയൻ സർക്കാരിന്റെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നൈജീരിയൻ നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിരുന്നു.

മേഖലയില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണു കപ്പൽ കാണാതാകുന്നത്. ജനുവരി ഒൻപതിനു കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ആറു ദിവസത്തിനു ശേഷം മോചനദ്രവ്യം നൽകി തിരികെയെടുക്കുകയായിരുന്നു.  

related stories