Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു; സംരക്ഷിച്ചതു ‘കുടുംബ താൽപര്യം’ മാത്രം: മോദി

Narendra Modi ലോക്സഭയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണു കോൺഗ്രസ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങൾ വിഭജിച്ചപ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വർഷങ്ങളായിട്ടും ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഭരിച്ചിരുന്നപ്പോഴത്തെ ‘സുവർണകാല’ത്തെക്കുറിച്ച് ഓർമിപ്പിക്കുകയാണു കോൺഗ്രസ് ഇപ്പോഴും. എന്നാൽ അന്നു റേഡിയോ, ടെലിവിഷൻ, പ്രതിപക്ഷം എല്ലാം അവരുടെ വശത്തായിരുന്നു എന്നതാണു സത്യം. ഹർജികളോ എൻജിഒകളോ ഒന്നും അന്നുണ്ടായിരുന്നില്ല. യാഥാർഥ്യബോധത്തോടെ, സത്യസന്ധമായ പദ്ധതികൾ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്നുള്ളതിലും ഏറെ ദൂരം രാജ്യം മുന്നേറിയേനെ. വർഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാർട്ടി തങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ചു. ഒരു കുടുംബത്തിന്റെ താൽപര്യം മാത്രമായിരുന്നു രാജ്യത്തിന്റെ താൽപര്യം’ – മോദി പറഞ്ഞു.

‘പണ്ഡിറ്റ് നെഹ്റുവും കോൺഗ്രസുമാണു ജനാധിപത്യം കൊണ്ടുവന്നതെന്നാണ് അവർ പറയുന്നത്. അതിനെങ്ങനെയാണു സാധിക്കുക. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അവർ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങനെയാണോ? എന്തൊരു അഹങ്കാരമാണിത്. ജനാധിപത്യം നമ്മുടെ സംസ്കാരത്തിൽ തന്നെയുള്ളതാണ്. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു ജനാധിപത്യം. ജനാധിപത്യത്തോട് അവർക്കു യാതൊരു പ്രതിബദ്ധതയുമില്ല’– മോദി ആരോപിച്ചു.

ജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങൾ ഒരിക്കലും കോൺഗ്രസിൽനിന്നു പഠിക്കാൻ സാധിക്കില്ല, സർദാർ പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ നേതാവെങ്കിൽ ജമ്മു കശ്മീർ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

related stories