Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യയെ അറിയില്ല, വായ്പാ തട്ടിപ്പിനെക്കുറിച്ചും: ധനമന്ത്രാലയം

Vijay Mallya വിജയ് മല്യ

ന്യൂഡൽഹി∙ വിവാദ വ്യവസായിയും പിടികിട്ടാപ്പുള്ളിയുമായ വിജയ് മല്യയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കയ്യിലില്ലെന്നു കേന്ദ്രം. കേന്ദ്ര വിവരാവകാശ കമ്മിഷനോടാണു ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്നയാളാണു മല്യ.

മല്യയുടെ വായ്പാ വിവരങ്ങൾ തേടി രാജീവ് കുമാർ ഖരെ എന്നയാൾ നൽകിയ അപേക്ഷയ്ക്കു മറുപടി തേടിയാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ ധനമന്ത്രാലയത്തെ സമീപിച്ചത്. വിജയ് മല്യയ്ക്കു ബാങ്കുകൾ വായ്പ നൽകിയതിനെപ്പറ്റി യാതൊരു വിവരവും ഇവിടെയില്ല എന്നായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണർ ആർ.കെ.മാഥുറിനു ഔദ്യോഗികമായി കിട്ടിയ മറുപടി. അതേസമയം, പാർലമെന്റിൽ മല്യയുമായി ബന്ധപ്പെട്ട ചോദ്യത്തിനു നേരത്തേ ധനമന്ത്രാലയം മറുപടി നൽകിയിരുന്നതാണ്.

കേന്ദ്ര സഹമന്ത്രി സന്തോഷ് ഗംഗ്‍വാർ 2017 മാർച്ച് 17നാണു മല്യയെ സംബന്ധിച്ച ചോദ്യത്തിനു സഭയിൽ മറുപടി പറഞ്ഞത്. 2016ൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിലും മല്യ വിഷയത്തിൽ പ്രതികരിച്ചു. എന്നാൽ, വിവരാവകാശ അപേക്ഷയിൽ മറുപടി പറയാൻ ധനമന്ത്രാലയം തയാറാകാതിരുന്നതിനു കാരണം വ്യക്തമല്ല.

വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസിലും (ഫെറ) വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിലാണു മല്യയെ പിടികിട്ടാപ്പുള്ളിയായി ആദ്യം പ്രഖ്യാപിച്ചത്.