Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കൻ പരമ്പര ഇന്ത്യൻ വനിതകൾക്ക്; ജയം തുടർച്ചയായ രണ്ടാം മൽസരത്തിൽ

Smriti-Mandana-2 ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സ്മൃതി മന്ദാന.

കിംബെർലി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതാ ടീമിന്. തുടർച്ചയായ രണ്ടാം മൽസരത്തിലും ജയം ഇന്ത്യയ്ക്കൊപ്പം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 178 റൺസിന്റെ ജയമാണു രണ്ടാം പോരാട്ടത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 303 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 30.5 ഓവറിൽ 124 റൺസ് മാത്രം നേടി പുറത്തായി.

ഓപ്പണർ ലിസൽ ലീ (109 പന്തിൽ 73), മരിസെൻ കാപ് (35 പന്തിൽ 17) എന്നിവര്‍ക്കു മാത്രമാണു ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായത്. പൂനം യാദവ് ഇന്ത്യയ്ക്കായി നാലു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്‌‍വാദ് എന്നിവർ രണ്ടു വിക്കറ്റു വീതവും ജുവൻ ഗോസ്വാമി ഒരു വിക്കറ്റും സ്വന്തമാക്കി.

കൂറ്റൻ സ്കോര്‍ നേടി ഇന്ത്യ

ഓപ്പണിങ് വിക്കറ്റിൽ തുടങ്ങി എല്ലാ കൂട്ടുകെട്ടിലും അർധസെഞ്ചുറി തികച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം വിക്കറ്റിൽ മന്ദാന – ഹർമന്‍പ്രീത് സഖ്യം കൂട്ടിച്ചേർത്ത 134 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഒന്നാം വിക്കറ്റിൽ പൂനം റാവത്തിനൊപ്പവും (56) രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ മിതാലി രാജിനൊപ്പവും സ്മൃതി മന്ദാന കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകൾ ഇന്ത്യൻ ഇന്നിങ്സിനു ഗതിവേഗം പകർന്നു. സ്മൃതി പുറത്തായശേഷം അഞ്ചാം വിക്കറ്റിൽ തകർത്തടിച്ച ഹർമൻകൗർ – വേദ കൃഷ്ണമൂർത്തി സഖ്യവും അർധസെഞ്ചുറി കൂട്ടുകെട്ട് (61) തീർത്തു.

129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതം 135 റൺസാണു മന്ദാനയുടെ സമ്പാദ്യം. തകർപ്പൻ അർധസെഞ്ചുറിയുമായി മന്ദാനയ്ക്കു പിന്തുണ നൽകിയ ഹർമൻപ്രീത് കൗറിന്റെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. 69 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 55 റൺസെടുത്ത ഹർമൻ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വേദ, 33 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 51 റൺസെടുത്തു.

ഇന്ത്യ 88 റൺസിന് ജയിച്ച ആദ്യ ഏകദിനത്തില്‍ മന്ദാന അർധസെഞ്ചുറി നേടിയിരുന്നു. 98 പന്തുകളിൽനിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 84 റൺസാണ് അന്നു മന്ദാന നേടിയത്. കളിയിലെ താരമായതും മന്ദാന തന്നെ.

37 പന്തുകൾ നേരിട്ട പൂനം, മൂന്നു ബൗണ്ടറികളോടെ 20 റൺസെടുത്തു. 34 പന്തുകൾ നേരിട്ട മിതാലിയാകട്ടെ ഒരേയൊരു ബൗണ്ടറിയുടെ പിൻബലത്തിൽ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി റെയ്സീബ് എൻടോസഖെ, സ്യൂൻ ലൂസ്, മസബാട ക്ലാസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

രണ്ടാം ജയത്തോടെ പരമ്പര

രണ്ടാം ജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ആദ്യമൽസരം 88 റൺസിന് ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 213 റൺസെടുത്ത് 43.2 ഓവറിൽ ദക്ഷിണാഫ്രിക്കയെ 125ന് പുറത്താക്കിയായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്. അർ‌ധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ മിതാലി രാജിന്റെയും (45) കരുത്തിൽ 213 റൺസ് നേടിയ ഇന്ത്യ ബോളിങ്ങിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു.