Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ 4 ജി യുഗത്തിലേക്ക്; ഇന്ത്യയിലാദ്യം ഇടുക്കിയിൽ

BSNL

കൊല്ലം∙ ബിഎസ്എൻഎല്ലും 4 ജി യുഗത്തിലേക്ക്. 4 ജി സേവനം ആരംഭിക്കണമെന്ന ദീർഘനാളത്തെ ആവശ്യം പരിഗണിച്ച്, ചെറുതെങ്കിലും 4 ജിയിലേക്കുള്ള ആദ്യ ചുവടു വയ്ക്കുകയാണു ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനി. കേരളത്തിലാണു 4ജി അവതരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ അഞ്ചു ടവറുകൾ കേന്ദ്രീകരിച്ചാണു 4ജി സേവനം രാജ്യത്താദ്യമായി ബിഎസ്എൻഎൽ നടപ്പാക്കുന്നത്. ഉടുമ്പൻചോല, ഉടുമ്പൻചോല ടൗൺ, കല്ലുപാലം, ചെമ്മണ്ണാർ, സേനാപതി എന്നീ ടവറുകളാണു 4ജിയിലേക്കു മാറുന്നത്. ടവറുകൾ കമ്മിഷൻ ചെയ്തുകഴിഞ്ഞു. നിലവിൽ ബിഎസ്എൻഎല്ലിന്റെ പക്കലുള്ള സ്പെക്ട്രം കൊണ്ടു തന്നെയാണു 4 ജി സേവനവും ആരംഭിക്കുന്നത്. മാർച്ചോടെ കൂടുതൽ ടവർ സൈറ്റുകളെ 4 ജി വേഗം നൽകാൻ പര്യാപ്തമാക്കും.

രാജ്യത്ത് ആദ്യം ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിക്കുന്നതു കേരളത്തിലാകുമെന്നു സിഎംഡി അനുപം ശ്രീവാസ്തവ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എറണാകുളം എസ്എസ്എയുടെ പരിധിയിൽ വരുന്ന ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല കേന്ദ്രീകരിച്ചു 4ജി സേവനം തുടങ്ങി വയ്ക്കുന്നത്. രാജ്യവ്യാപകമായി സേവനം ആരംഭിക്കുന്നതിനു പുതിയ സ്പെക്ട്രം ലൈസൻസ് ഉൾപ്പെടെയുള്ളവ വേണ്ടിവരും. ഇതിനായി സമർപ്പിച്ച പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.