Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയുടെ പാർട്ടിയുമായി ചേരുമോ?; ‘കാലമാണ് തീരുമാനിക്കുക’യെന്നു കമലും

Rajinikanth, Kamal Hassan രജനികാന്തും കമൽഹാസനും.

ചെന്നൈ∙ തിരഞ്ഞെടുപ്പിൽ രജനികാന്തുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ഇപ്പോൾ പറയാനാവില്ലെന്ന് കമൽഹാസൻ. ആവശ്യമെങ്കിൽ ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്നും കമൽ പറഞ്ഞു. വരുന്ന 21ന് സ്വന്തം പാർട്ടിയുടെ പ്രഖ്യാപനം നടക്കാനിരിക്കെയാണു കമൽ നയം വ്യക്തമാക്കിയത്.

‘തിരഞ്ഞെടുപ്പിനു മുന്നോടിയായി ഞങ്ങളുടെ പാർട്ടികൾ ഒന്നുചേരുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തിൽ രജനികാന്ത് പറഞ്ഞത് ‘കാലമാണ് തീരുമാനമെടുക്കുക’ എന്നാണ്. അതു തന്നെയാണ് എന്റെയും അഭിപ്രായം’- തമിഴ് പ്രസിദ്ധീകരണം ‘ആനന്ദ വികടനി’ലെ പ്രതിവാര കോളത്തിൽ കമൽഹാസന്‍ കുറിച്ചു.

തങ്ങളിരുവരും ആദ്യം പാർട്ടികളുടെ ഔദ്യാഗികപ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് കമൽ പറഞ്ഞു. അതിനുശേഷം നയങ്ങൾ പ്രഖ്യാപിക്കണം. പിന്നീട്, രണ്ടു പാർട്ടികളുടെയും നയങ്ങൾ ഒത്തുപോകുന്നതാണോ എന്നു പരിശോധിക്കണം. അതിനു ശേഷമേ സഖ്യത്തെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ. സിനിമയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന പോലെയല്ല ഇത്. അതുകൊണ്ടുതന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കമലിന്റെ കുറിപ്പിലുണ്ട്.

അതേസമയം, രാഷ്ട്രീയത്തിൽ വ്യക്തമായ പദ്ധതികളുണ്ടെന്നതിന്റെ സൂചനകൾ നൽകിയാണ് രജനികാന്തിന്റെ യാത്ര. തമിഴ്നാട്ടിലെ ഭരണ സംവിധാനം ശരിയാക്കുന്നതിലാണ് ആദ്യ ശ്രദ്ധയെന്ന് സൂപ്പർ താരം പറഞ്ഞു. പ്രഖ്യാപിക്കാനിരിക്കുന്ന പാർട്ടി തമിഴ്നാട്ടിലൊതുങ്ങുമോ അതോ ദേശീയ പാർട്ടിയായിരിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടിയുടെ നയവും നിലപാടുകളും ഉടൻ വ്യക്തമാക്കും. പാർലമെ‌‌ന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

21 നു മധുരയിലാണ് കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. തുടർന്ന് തമിഴ്നാട്ടിലാകമാനം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘നാളൈ നമതേ’ യാത്രയ്ക്കും തുടക്കം കുറിക്കും. ‘രാജ്യത്തെയും സംസ്ഥാനത്തെയും വളർച്ചയിലേക്കു നയിക്കാൻ എന്നോടു കൈകോർക്കൂ’ എന്നാണ് കമൽഹാസൻ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിക്കുകയും ഡിഎംകെ തലവൻ എം.കരുണാനിധി വിശ്രമജീവിതത്തിലേക്കു കടക്കുകയും ചെയ്തതോടെ തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടായ ‘ഒഴിവിലേക്കാണ്’ രജനികാന്തിന്റെയും കമൽഹാസന്റെയും നോട്ടം. രാഷ്ട്രീയത്തിൽ ഇരുവരും ഒന്നിക്കുമോ എന്ന ചോദ്യത്തിനാണു സംസ്ഥാനത്ത് ഇന്നു മറ്റേതു വിഷയത്തേക്കാളും ചൂടേറുന്നതും.

related stories