Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലിശനിരക്ക് ഇനിയും കൂട്ടുമെന്ന് സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Bank of England Governor Mark Carney

ലണ്ടൻ∙ രാജ്യത്തു നിലവിലുള്ള സാമ്പത്തിക സ്ഥിതി തുടർന്നാലും താമസിയാതെ പലിശനിരക്കു വർധിപ്പിച്ചേക്കുമെന്നു വ്യക്തമായ സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തൽകാലത്തേക്കു നിലവിലുള്ള 0.5% പലിശനിരക്കു തുടരാൻ കഴിഞ്ഞദിവസം ചേർന്ന ബാങ്കിന്റെ നയരൂപീകരണ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ താമസിയാതെ പലിശനിരക്കു കൂട്ടേണ്ടിവരുമെന്നാണു ബാങ്ക് അധികൃതർ വിലയിരുത്തിയത്.

കഴിഞ്ഞ നവംബറിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലുണ്ടായിരുന്ന 0.25% പലിശ 0.5 ആയി വർധിപ്പിച്ചത്. ആറുമാസത്തിനുള്ളിൽ വീണ്ടും പലിശനിരക്ക് ഉയർത്തേണ്ടിവന്നേക്കുമെന്ന് അന്നു ഗവർണർ മാർക് കാർണി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആറുമാസത്തിനു മുമ്പുതന്നെ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നാണു കഴിഞ്ഞ ദിവസത്തെ യോഗം വിലയിരുത്തിയത്. ഇത് അപ്രതീക്ഷിതമായ തോതിലുള്ള വർധനയായേക്കുമെന്നും സൂചനയുണ്ട്.

മേയ് മാസത്തിനു മുമ്പേ അടുത്ത നിരക്കുവർധന ഉണ്ടായേക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പലിശനിരക്ക് ഉയർത്തുമെന്ന വ്യക്തമായ സൂചന പുറത്തുവന്നതോടെ ഡോളറുമായും യൂറോയുമായുമുള്ള പൗണ്ടിന്റെ വിനിമയനിരക്കിൽ ഒരു ശതമാനത്തോളം വർധനയുണ്ടായി.

പലിശനിരക്കിൽ ഉണ്ടാകുന്ന വർധനവ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തു പ്രത്യേകിച്ച്, വീടുവിപണിയെ പ്രതികൂലമായി ബാധിക്കും. നിലവിൽ രാജ്യത്ത് 80 ലക്ഷത്തിലേറെ ആളുകൾക്കു ഭവനവായ്പയുണ്ട്. ഇതിൽ പകുതിയിലേറെ ആളുകളും സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിലോ ട്രാക്കർ റേറ്റിലോ പലിശ നൽകുന്നവരാണ്. ഇവരുടെയെല്ലാം മാസംതോറുമുള്ള തിരിച്ചടവിൽ ഗണ്യമായ വർധനയുണ്ടാകാൻ പലിശനിരക്കു വർധന കാരണമാകും. നവംബറിലെ കാൽശതമാനം വർധനതന്നെ ഇവർക്കെല്ലാം പ്രതിമാസം പത്തു മുതൽ 100 പൗണ്ടിന്റെ വരെ വർധനവുയുണ്ടാക്കിയിരുന്നു.  

related stories