Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേൽ യുദ്ധവിമാനം സിറിയന്‍ സേന വെടിവച്ചിട്ടു; പൈലറ്റുമാർ രക്ഷപ്പെട്ടു

ISRAEL-SYRIA-CONFLICT ഇസ്രയേലിന്റെ എഫ്–16 യുദ്ധവിമാനം സിറിയ വെടിവച്ചിട്ടപ്പോൾ

ദമാസ്കസ്∙ സിറിയയിൽ ഇറാൻ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ച ഇസ്രയേൽ യുദ്ധവിമാനം സിറിയന്‍ സേന വെടിവച്ചിട്ടു. ഇസ്രയേലിന്റെ എഫ്–16 യുദ്ധവിമാനമാണ് വിമാനവേധ തോക്കുകളുപയോഗിച്ച് സിറിയന്‍സേന തകര്‍ത്തത്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നേരത്തെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് പറന്നെത്തിയ ഇറാന്റെ ആളില്ലാ നിരീക്ഷണവിമാനം ഇസ്രയേല്‍ വെടിവച്ചിട്ടിരുന്നു. തുടര്‍ന്നായിരുന്നു ഇറാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സൈന്യം എന്തിനും സുസജ്ജമാണെന്നും ഇസ്രയേല്‍ സേന അറിയിച്ചു.

ഏഴു വർഷം നീണ്ട യുദ്ധത്തിനിടെ സിറിയയിൽ ഇറാനിലെ ഷിയാ പക്ഷം ശക്തിയാർജിക്കുന്നതാണ് ഇസ്രയേലിന് തലവേദന സൃഷ്ടിക്കുന്നത്. സിറിയയിലെ അസദ് ഭരണത്തിന് ശക്തിപകർന്നാണ് ഇറാൻ പിന്തുണയോടെയുള്ള ഷിയാ പോരാളികളും ലബനനിലെ ഹിസ്ബുള്ള വിഭാഗവും സിറിയയിൽ നിലയുറപ്പിക്കുന്നത്.

സിറിയൻ വ്യോമാതിർത്തി ലംഘിച്ചാൽ ഇസ്രയേൽ അതിനു വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറാനിലെ സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. സിറിയൻ അതിർത്തിക്കു സമീപം ഇസ്രയേൽ വിമാനം വെടിവച്ചത് പ്രദേശത്ത് സംഘർഷസാധ്യത വർധിപ്പിക്കുമെന്നാണ് സൂചന.