Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭ ക്ലബ് അല്ല; മന്ത്രിമാർക്കും പഞ്ചിങ് നിർബന്ധമാക്കണം: ചെന്നിത്തല

Ramesh Chennithala പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കണ്ണൂര്‍∙ സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാൽ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. പല മന്ത്രിമാരും സെക്രട്ടേറിയറ്റിൽ വരാതെ പാർട്ടി സമ്മേളനങ്ങളിലാണ്. ക്വോറം തികയാതെ മന്ത്രിസഭായോഗം വരെ മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ‌ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിസഭായോഗം ചേരാൻ ക്വോറം നിർ‌ബന്ധമല്ലെന്നു ചിലർ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ല. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിർബന്ധമാണ്. മന്ത്രിമാർ വന്നിട്ടും കാര്യമില്ലെന്നതു വേറെ കാര്യം.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കലാമണ്ഡലത്തിന്റെ വൈസ് ചാൻസലറാക്കാൻ കൊള്ളാം. സിപിഎം അധ്യാപക സംഘടന പറയുന്നതു മാത്രം നടപ്പാക്കുന്ന മന്ത്രി വിദ്യാഭ്യാസ വകുപ്പിനെ നാഥനില്ലാക്കളരിയാക്കി. പിണറായി സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഏറ്റവും നല്ല തെളിവാണു വിദ്യാഭ്യാസ വകുപ്പ്. അതു പ്രതിപക്ഷ സംഘടനകൾ സഹകരിക്കാത്തതു കൊണ്ടല്ല. വിനാശകരമായ പ്രതിപക്ഷ പ്രവർത്തനവുമല്ല നമ്മുടേത്. പക്ഷേ സഹകരിക്കാൻ സർക്കാരിന് എന്തെങ്കിലും പ്രവർത്തനക്ഷമത വേണ്ടേ?

എം.മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതി’കളിലെ മാജിക്കുകാരനായ അൽഫോൻസച്ചന്റെ മാനസികാവസ്ഥയാണു ധനമന്ത്രി തോമസ് ഐസക്കിന്. 4200 കോടി രൂപ മാത്രം സർക്കാരിന്റെ കയ്യിലുള്ളപ്പോൾ 50000 കോടി രൂപയുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. അൽഫോൻസച്ചനേക്കാൾ കടന്ന നിലയിലാണു ഐസക്കിന്റെ സ്വപ്നവ്യാപാരം. 

ചരിത്രത്തെ തമസ്കരിക്കുന്ന ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. നെഹ്റുവും പട്ടേലും തമ്മിൽ അകൽച്ചയിലായിരുന്നുവെന്നു പ്രചരിപ്പിക്കുന്നതും ഇന്ദിരാ ഗാന്ധിയുടെ ചരമദിനത്തിൽ പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നതുമെല്ലാം നിന്ദ്യമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പി‍ൽ കോൺഗ്രസ് രാജ്യഭരണത്തിൽ തിരിച്ചുവരുമെന്ന് ഉറപ്പായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

related stories