Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു

India Kashmir Attack ഏറ്റുമുട്ടൽ നടക്കുന്ന സുന്‍ജ്വാൻ സൈനിക ക്യാംപിൽനിന്നുള്ള ദൃശ്യം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപിൽ പുലർച്ചെ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർക്കു വീരമൃത്യു. ഒരു സൈനിക ഓഫിസറുടെ മകൾ അടക്കം ഒൻപത് പേർക്കു പരുക്കേറ്റു. ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരായ എം.അഷ്റഫ് മിർ, മദൻ ലാൽ എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെയാണ് സൈനിക ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായത്. ക്യാംപിലെ ക്വാർട്ടേഴ്സുകളിൽ കടന്നുകയറിയ ഭീകരർ സൈനികർക്കും വീട്ടുകാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ജയ്ഷെ മുഹമ്മദിന്റെ ഭീകരർ ഇന്നലെ രാത്രി സൈനിക ക്യാംപിലേക്കു നുഴഞ്ഞുകയറുകയായിരുന്നുവെന്നാണു വിവരം. 2013 ൽ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാർഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി സ്കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണ് സുൻജ്വാനിലേത്. പത്തുവര്‍ഷം മുൻപ് ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പുലർച്ചെ 4.55 ന് സംശയകരമായ ചില നീക്കങ്ങൾ ക്യാംപിലെ സന്ത്രി ബങ്കറിനു സമീപമുണ്ടായെന്ന് ജമ്മു ഐജിപി എസ്.ഡി. സിങ് ജാംവാൽ പറഞ്ഞു. തുടർന്നു ഭീകരരൻ നടത്തിയ വെടിവയപ്പിൽ ഒരു ഹവിൽദാറിനും മകൾക്കും പരുക്കേറ്റു. ക്യാംപിനു അര കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ഉധംപൂരിലെ സൈനികക്യാംപിൽ നിന്ന് വ്യോമസേനയുടെ പാരാ കമാൻഡോസിനെ ഹെലികോപ്റ്ററിൽ ക്യാപിലെ നടപടികൾക്കായി എത്തിച്ചു. സർസവയിൽ നിന്നും മറ്റൊരു സംഘം പാരാ കമാൻഡോകളും ക്യാംപിലെ ഭീകരവിരുദ്ധ നടപടികൾക്കായി എത്തിയിട്ടുണ്ട്. സുൻജ്വാനിലുണ്ടായ ഭീകരാക്രമണത്തിൽ അത്യധികം ആശങ്കയുണ്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

സുൻജ്വാനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉധംപൂർ, പത്താൻകോട്ട് എയർ ബേസിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ ജമ്മു കശ്മീർ ഡിജിപി സുരക്ഷാ നടപടികളുടെ വിശദാംശങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെയും പശ്ചിമേഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഭവത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.