Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

71 യാത്രക്കാരുമായി റഷ്യയില്‍ വിമാനം തകർന്നു; ആകാശത്ത് ‘തീഗോളം’, മഞ്ഞ് മൂടി അവശിഷ്ടങ്ങൾ

Russian Flight New തകർന്ന വിമാനത്തിന്റേതായി ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തിൽ നിന്നുള്ള കാഴ്ചകൾ.

മോസ്കോ∙ റഷ്യയിൽ യാത്രാവിമാനം തകർന്നു വീണു. ദോമജിയദവ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണു മോസ്കോയ്ക്കു സമീപം അർഗുനോവോ ഗ്രാമത്തിൽ തകർന്നത്. വിമാനത്തിൽ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. യാത്രക്കാർ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ‘ടാസ്’ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പറക്കുകയായിരുന്നു വിമാനം. ഇതിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സർക്കാരും ഔദ്യോഗികമായി അറിയിച്ചു. ആകാശത്തു നിന്നു കത്തിയമർന്ന വിമാനം പതിക്കുന്നതു കണ്ടതായി അർഗുനോവോ ഗ്രാമവാസികളും മാധ്യമങ്ങളോടു പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയർന്ന വിമാനമാണു തകർന്നു വീണത്. പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. എന്നാൽ കാരണം വ്യക്തമല്ല.

ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ– 148 വിമാനമാണു തകർന്നു വീണത്. ഉക്രേനിയൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ. മോസ്കോയിൽ നിന്ന് ഓസ്കിലേക്ക് 1448 കിലോമീറ്ററാണു ദൂരം. രണ്ടു മണിക്കൂർ 11 മിനിറ്റു സമയം കൊണ്ടാണ് വിമാനം എത്തേണ്ടത്. എന്നാൽ ദോമജിയദവ വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവയ്‌ലൻസ്– ബ്രോഡ്കാസ്റ്റ് (എഡിഎസ്–ബി) സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിന്റെ ജിപിഎസ് പൊസിഷൻ, എത്ര ഉയരത്തിലാണുള്ളത് തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെടെ സൂചന നൽകുന്നതാണ് എഡിഎസ്–ബി. അവസാനമായി ലഭിച്ച ഈ സിഗ്നൽ പ്രകാരം വിമാനം 6200 അടി ഉയരത്തിൽ നിന്നു 3200 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകർന്നുവീണത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നൂറ്റി അൻപതിലേറെ രക്ഷാപ്രവർത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഞ്ഞ് കാരണം റോഡുമാർഗം ഇവിടേക്ക് എത്താൻ സാധിച്ചിട്ടില്ല. ഏതാനും നാളുകളായി റഷ്യയിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കാലാവസ്ഥയിലെ വ്യതിയാനമാണോ അപകടത്തിനു കാരണമെന്നും പരിശോധിക്കുന്നുണ്ട്. വിമാനാപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.

രാജ്യാന്തര സർവീസുകളിൽ നിന്ന് 2015ൽ സറാതവിനെ റഷ്യ വിലക്കിയിരുന്നു. വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഫ്ലൈറ്റ് ക്രൂവിൽപ്പെട്ട വ്യക്തിയെ അല്ലാതെ പ്രവേശിപ്പിച്ചതിനായിരുന്നു അത്. 2016ൽ ഈ വിലക്കു മാറ്റി. എങ്കിലും കൂടുതലും ആഭ്യന്തര സർവീസുകളാണ് സറാതവ് നടത്തി വന്നിരുന്നത്. സംഭവത്തിൽ വിമാനക്കമ്പനിക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്തെ തപാൽ സേവനമായ റഷ്യൻ പോസ്റ്റിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്. വിമാനം തകർന്നു കിടക്കുന്നിടത്ത് റഷ്യൻ പോസ്റ്റിന്റെ അവശിഷ്ടങ്ങൾ കണ്ടതായും ചില മാധ്യമങ്ങൾ ട്വിറ്ററിൽ വ്യക്തമാക്കി.