Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി സഹകരണ സംഘം; ഇന്ത്യയിൽ ആദ്യമെന്നും മന്ത്രി കടകംപള്ളി

transgender-representational-image Representational Image

കണ്ണൂർ∙ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു പ്രത്യേക പരിഗണനയുമായി സഹകരണ പ്രസ്ഥാനം. സംസ്ഥാനത്തെ  എല്ലാ സഹകരണ ബാങ്കുകളിലെയും സ്വർണ ഉരുപ്പടികൾ അതാത്‌ ബാങ്കുകളിൽ നിന്നുള്ള  പ്രത്യേക സ്ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച്‌ സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എട്ടാമത് സഹകരണ കോൺഗ്രസിലാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയർത്തുന്നതിന്‌ ഇടതു മുന്നണി സർക്കാർ സ്വീകരിക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ പുതിയ തീരുമാനം. ഈ വിഭാഗത്തിന്‌ ഗ്രാന്റ്‌ ഉൾപ്പടെയുള്ള ധനസഹായം സഹകരണ സംഘങ്ങൾ വഴി നൽകും.

രാജ്യത്തു തന്നെ ഇതാദ്യമായാണ്‌ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത്‌. ഇവർക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും സംഘങ്ങളിലൂടെ സാധിക്കും. സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാൻസ്‌ജെൻഡേഴ്സ്‌ സഹകരണ സംഘം രൂപീകരിക്കുകയെന്നും മന്ത്രി  പറഞ്ഞു. 

ബാങ്ക്‌ ഭരണസമിതി അംഗങ്ങൾ, ചീഫ്‌ എക്സിക്യുട്ടീവ്‌, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സംഘമാണ് എല്ലാ സഹകരണ ബാങ്കുകളിലെയും സ്വർണ ഉരുപ്പടികൾ പരിശോധിക്കുക. ഒരു മാസത്തിനകം ഈ പരിശോധന പൂർത്തിയാക്കണമെന്നാണു നിർദേശം.

സംസ്ഥാനത്തെ ചില ബാങ്കുകളിൽ സ്വർണ പണയത്തിൽ തിരിമറി നടന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു മന്ത്രിയുടെ നിർദേശം. അതത്‌ ബാങ്കുകളിൽ നടത്തുന്ന പരിശോധനയുടെ സാക്ഷ്യപത്രം തയ്യാറാക്കണം. സഹകരണ വകുപ്പിന്റെ പ്രത്യേക പരിശോധനയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കോളജുകളിൽ ആരംഭിക്കുന്ന സഹകരണ സംഘങ്ങളിൽ യുവതികളുടെ പ്രാതിനിധ്യം 51 ശതമാനം ഉറപ്പുവരുത്തും. സഹകരണ സംഘങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവായ സാഹചര്യത്തിലാണ് ഈ നിബന്ധന. സ്ത്രീകളെ സഹകരണ മേഖലയുമായി പരിചയപ്പെടുത്തുന്നതിനു കോളജുകളിലെ സഹകരണ സംഘങ്ങൾ വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

related stories