Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക കേരളസഭയ്ക്കു ചെലവിട്ട തുക വെളിപ്പെടുത്താൻ സർക്കാരിനു മടി

Kerala-Sabha-CM

തിരുവനന്തപുരം∙ കഴിഞ്ഞ മാസം തലസ്ഥാനത്തു സംഘടിപ്പിച്ച ലോക കേരളസഭയ്ക്കായി ചെലവായ തുക എത്രയെന്നു വെളിപ്പെടുത്താൻ സർക്കാരിനു മടി. സഭാംഗങ്ങൾക്കു വിദേശത്തുനിന്നു തലസ്ഥാനത്തേക്കു പറന്നെത്താനും മടങ്ങാനും എത്ര രൂപ ചെലവായെന്ന ചോദ്യത്തിനു മറുപടി നൽകാതെ നോർ‌ക്ക ഒളിച്ചുകളിക്കുന്നു.

വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു ചോദ്യം ഇതായിരുന്നു: ലോക കേരളസഭയിൽ പങ്കെടുക്കാൻ അംഗങ്ങൾക്കായി വിമാന യാത്രക്കൂലിയിനത്തിൽ എത്ര രൂപ ചെലവായി? അതിനു നോർക്ക നൽകിയ മറുപടി: സഭാംഗങ്ങൾക്കു വിമാനക്കൂലി നൽകിയിട്ടില്ല. എന്നാൽ, ആവശ്യപ്പെട്ട പ്രകാരം 65 സഭാംഗങ്ങൾക്കു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ ടിക്കറ്റുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. 65 പേർക്കു സർക്കാർ ചെലവിൽ വിമാന ടിക്കറ്റ് എടുത്തു നൽകിയ നോർക്കയ്ക്ക് അതിനു ചെലവായ തുക വെളിപ്പെടുത്താൻ മടി.

ടിക്കറ്റിനു ചെലവായ തുകയാണു വിമാനക്കൂലിയെന്നിരിക്കെ ചോദ്യത്തിലെ സാങ്കേതികത്വത്തിൽ പിടിച്ച് ഉത്തരത്തിൽ വെള്ളം ചേർത്തു. ഇതേക്കുറിച്ചു നേരിട്ടു ചോദിച്ചപ്പോൾ അപ്പീൽ അധികാരിയായ നോർക്ക ജനറൽ മാനേജരുടെ വിശദീകരണം ഇങ്ങനെ: ഉത്തരം എങ്ങനെ തരണമെന്നത് ഇൻഫർമേഷൻ ഓഫിസറുടെ വിവേചനാധികാരമാണ്. അതിൽ ഇടപെടാൻ കഴിയില്ല.

ലോക കേരളസഭയ്ക്കു ചെലവായ തുക സംബന്ധിച്ചു നിയമസഭയിൽ ഉയർന്ന ചോദ്യത്തിനും സർക്കാർ മറുപടി നൽകിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം ആകെ ചെലവെത്രയെന്ന് ആരാഞ്ഞപ്പോൾ അന്തിമ കണക്ക് തയാറായിട്ടില്ലെന്നാണു നോർക്കയിൽനിന്നു മറുപടി ലഭിച്ചത്. 351 അംഗങ്ങളെ പങ്കെടുപ്പിച്ചു കഴിഞ്ഞ മാസം 12, 13 തീയതികളിലായാണു സഭ സംഘടിപ്പിച്ചത്.

അംഗങ്ങളെ തിരഞ്ഞെടുത്തതിനു പിന്നിൽ അഴിമതിയുണ്ടെന്ന് അപ്പോൾ തന്നെ ആരോപണം ഉയർന്നിരുന്നു. ആകെ അഞ്ചുകോടി രൂപ ചെലവായെന്നാണു സർക്കാർ അറിയിച്ചത്. എന്നാൽ, നിയന്ത്രണമേതുമില്ലാതെ കോടികൾ വാരിക്കോരി ചെലവിട്ടതിന്റെ സൂചനകളാണു പുറത്തുവരുന്നത്. കണക്ക് പുറത്തുവിടാൻ സർക്കാരിനു മടിയും.