Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമാക്രമണത്തിൽ ഐഎസ് തലവനു പരുക്ക്?; ബഗ്ദാദി ജീവനോടെയുണ്ടെന്നും റിപ്പോർട്ട്

Abu Bakr al-Baghdadi

വാഷിങ്ടൻ∙ ഒളിവിലിരുന്നു ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നിയന്ത്രിച്ചിരുന്ന തലവൻ അബുബക്കർ അൽ ബഗ്ദാദിക്കു വ്യോമാക്രമണത്തിൽ പരുക്കേറ്റിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മേയിൽ സിറിയയിലെ റാഖ്ഖയിൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് അഞ്ച് മാസത്തോളം ബഗ്ദാദിക്കു സംഘടനയുടെ നേതൃത്വത്തിൽ ദൈനംദിനെ ഇടപെടാൻ കഴിയാതെ വന്നിരുന്നുവെന്നും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

മിസൈലുകൾ റാഖ്ഖയില്‍ പതിച്ചപ്പോൾ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. ഐഎസ് ഭീകരർ തടവിലാക്കിയിരുന്നവരിൽനിന്നും വടക്കൻ സിറിയയിലെ അഭയാർഥികളിൽനിന്നുമാണ് ഈ വിവരം ലഭിച്ചത്.

അതീവ ഗുരുതര പരുക്കുകൾ അല്ലെങ്കിലും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബഗ്ദാദിക്കു കഴിഞ്ഞില്ല. ആ സമയമാണ് ഇറാഖ് നഗരമായ മൊസൂളിനെ സൈന്യം ഐഎസിൽനിന്നു യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ചത്.

അതേസമയം, ബഗ്ദാദിയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണോ അതോ ഐഎസിനുനേർക്കുണ്ടായ ആക്രമണത്തിലാണോ പരുക്കേറ്റതെന്നു വ്യക്തമല്ല. മാത്രമല്ല, ആരു നടത്തിയ വ്യോമാക്രമണത്തിലാണ് പരുക്കു പറ്റിയെന്നതിലും വ്യക്തതയില്ല. ഏതു ദിവസം ഉണ്ടായ വ്യോമാക്രമണത്തിലാണു പരുക്കു പറ്റിയതെന്നു തിരിച്ചറിയാനാകാത്തതിനാൽ റഷ്യൻ മിസൈലാണോ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണത്തിലാണോ പരുക്കേറ്റതെന്നും അറിയാനായിട്ടില്ല.

എന്നാൽ തങ്ങളുടെ വ്യോമാക്രമണത്തിൽ ബഗ്ദാദിയെ കൊല്ലപ്പെടുകയോ പരുക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു റഷ്യ വെളിപ്പെടുത്തിയ നാളുകളോടു ചേർന്നാണു പരുക്കേറ്റതെന്ന വിവരമാണു പുറത്തുവരുന്നത്. മേയ് 28നു നടത്തിയ വ്യോമാക്രമണത്തിൽ ബദ്ഗാദി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദമാണ് റഷ്യ നടത്തിയത്. എന്നാൽ ബഗ്ദാദി കൊല്ലപ്പെട്ടെന്നു പല തവണ വ്യാജ വാർത്ത വന്നതിനാൽ റഷ്യയുടെ വാദങ്ങൾക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. മാത്രമല്ല, വ്യക്തമായ തെളിവു നൽകാൻ റഷ്യയ്ക്കു കഴിഞ്ഞിരുന്നുമില്ല.

2014 ജൂലൈയിൽ ഇറാഖിലെ മൊസൂളിലുള്ള അൽ നൂറി പള്ളിയിൽ പ്രത്യക്ഷപ്പെട്ടതുമാത്രമാണു ബഗ്ദാദിയെ പൊതുമധ്യത്തിൽ കണ്ടതായുള്ള ഏക വിവരം. പിന്നീട് ബഗ്ദാദിയുടേതെന്ന പേരിൽ നിരവധി ഓഡിയോ സന്ദേശങ്ങൾ പുറത്തുവരിക മാത്രമാണുണ്ടായത്.