Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭയിൽ ജയലളിതയുടെ ചിത്രം: നീക്കണമെന്ന് ഡിഎംകെ കോടതിയിൽ

tamilnadu ജയലളിതയുടെ ചിത്രം തമിഴ്നാട് നിയമസഭയിൽ സ്ഥാപിച്ചപ്പോൾ.ചിത്രം– എഎൻഐ ട്വിറ്റർ

ചെന്നൈ∙ തമിഴ്‍നാട് നിയമസഭയിൽ‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഏഴടിയുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ ഡിഎംകെ. സ്പീക്കർ പി. ധനപാൽ ചിത്രം അനാച്ഛാദനം ചെയ്തതിനു പിന്നാലെ ഇതു നീക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നല്‍കി. അഴിമതി കേസിൽ സുപ്രീംകോടതി കുറ്റക്കാരിയായി കണ്ടെത്തിയ ജയലളിതയുടെ ചിത്രം സഭയിൽ നിന്ന് മാറ്റണമെന്നാണ് ഡിഎംകെയുടെ നിലപാട്.

അടിയന്തര പ്രാധാന്യം നൽകി ഹര്‍ജി പരിഗണിക്കണമെന്ന് ‍ഡിഎംകെ ഹൈക്കോടതിയിൽ അഭ്യർഥിച്ചു. എന്നാൽ ഹർജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. നേരത്തെ സർക്കാർ ഓഫിസുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ജയലളിതയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ പരാതിയും ഹൈക്കോടതിയിലുണ്ട്. 

തമിഴ്നാട് നിയമസഭയ്ക്കകത്ത് ജയലളിതയുടെ ചിത്രം സ്ഥാപിക്കാൻ കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച സ്പീക്കർ തന്നെ ചിത്രം അനാച്ഛാദനം ചെയ്തു. പ്രതിപക്ഷമായ ഡിഎംകെ, കോണ്‍ഗ്രസ്, ഐയുഎംഎൽ കക്ഷികൾ ചടങ്ങ് ബഹിഷ്കരിച്ചു‌. മുൻ മുഖ്യമന്ത്രിമാരായ സി.രാജഗോപാലാചാരി, സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ തുടങ്ങിയവരുടെ പത്തു ചിത്രങ്ങൾ നിലവിൽ തമിഴ്നാട് നിയമസഭയ്ക്കകത്തുണ്ട്. ആദ്യമായാണ് ഒരു വനിതയുടെ ചിത്രം സഭയ്ക്കകത്ത് സ്ഥാപിക്കപ്പെടുന്നതെന്ന പ്രത്യേകതയും ഇന്നത്തെ ചടങ്ങിനുണ്ട്. പരിപാടി ബഹിഷ്കരിച്ചെങ്കിലും ഒരു വനിതയുടെ ചിത്രം സ്ഥാപിച്ചതിന് കോൺഗ്രസ് അംഗം എസ്. വിജയധരണി സ്പീക്കറെ കണ്ട് നന്ദി അറിയിച്ചു.