Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധഭ്രാന്തെന്ന് വരുത്താൻ ശ്രമമെന്ന് പാക്കിസ്ഥാൻ; സുൻജ്വാൻ ആക്രമണത്തിൽ പങ്കില്ല

Sunjuwan-Army-camp സുൻജ്വാൻ കരസേന ക്യാംപിനു പുറത്ത് സുരക്ഷയൊരുക്കുന്ന സൈനികർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാംപിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ. പങ്കുണ്ടെന്ന ആരോപണം അവർ നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനു മുൻപ് ഇന്ത്യൻ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ നടത്തുകയാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.

തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്ന ഇന്ത്യ, ഞങ്ങൾക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് ആരോപിച്ചു. ഇന്ത്യൻ മാധ്യമങ്ങളിൽ പാക്കിസ്ഥാനെതിരെ ദുഷ്ടാരോപണങ്ങൾ നൽകുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങൾ തന്നെയുണ്ട്. എന്നാൽ ഇന്ത്യയു‍ടെ ഈ ആരോപണങ്ങൾ തെറ്റാണെന്നും പാക്കിസ്ഥാനെ മനപൂർവം കരിവാരിതേയ്ക്കുകയാണെന്നും രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.

ജമ്മു– പഠാൻകോട്ട് ബൈപാസിനോടു ചേർന്നുള്ള ഇൻഫൻട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തിൽ കനത്ത ആയുധശേഖരവുമായി ഭീകരർ ഇരച്ചുകയറിയത്. ക്യാംപിന്റെ പിൻഭാഗത്തെ കാവൽക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താൻ വൈകിയത്. ഇന്നലെ പുലർച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തി സൈനിക നടപടികൾ സേന അവസാനിപ്പിച്ചു.

ആക്രമണത്തിൽ അഞ്ചു ജവാന്മാരാണു വീരമൃത്യു വരിച്ചത്. ആറു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 2016 നവംബർ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപിൽ ഇരച്ചുകയറി മൂന്നു ഭീകരർ നടത്തിയ സമാനമായ ആക്രമണത്തിൽ രണ്ട് ഓഫിസർമാർ ഉൾപ്പെടെ ഏഴു പേർ വീരമൃത്യു വരിച്ചിരുന്നു.