Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയല്ല ‘ആദ്യം’ ഞങ്ങളാണ്; വിന്റർ ഒളിംപിക്സിൽ ട്രംപിനെ ട്രോളി ഡച്ച് സംഘം

netherlands-troll സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.

പ്യോങ്ചാങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തെ ട്രോളി ശീതകാല ഒളിംപിക്സ്. ഡച്ച് ടീമിന്റെ ആരാധകരാണ് ട്രംപിനെ ട്രോളി രംഗത്തെത്തിയത്. വനിതകളുടെ 3000 മീറ്റർ സ്പീഡ് സ്കേറ്റിങ്ങിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത് നെതർലൻഡ്സുകാരാണ്. ഇതാണ് ഡച്ച് ആരാധകർക്ക് ആവേശമായത്.

കാർലിജ്ൻ അച്ച്ടെറീക്ടെ, ഐറീൻ വസ്റ്റ്, അന്റോയ്നെറ്റെ ഡെ ജോങ് എന്നിവരാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. ഇതേത്തുടർന്ന് നെതർലൻഡ്സിന്റെ പതാകയിൽ ‘ക്ഷമിക്കണം മിസ്റ്റർ പ്രസിഡന്റ്. നെതർലൻഡ്സ് ആണ് ഒന്നാമതും രണ്ടാമതും മൂന്നാമതും’ എന്നെഴുതിയാണ് മൂവരും രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നാലെത്തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു കാർട്ടൂണുകളും ട്വിറ്ററിൽ ട്രെൻഡിങ്ങായി.

ശീതകാല ഒളിംപിക്സിന്റെ മൂന്നാം ദിവസം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പോയിന്റ് പട്ടികയിൽ നെതർലൻഡ്സ് മൂന്നാം സ്ഥാനത്താണ്. രണ്ടു സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി അമേരിക്ക അഞ്ചാം സ്ഥാനത്തും. നോർവെയാണ് ഒന്നാം സ്ഥാനത്ത്.

എല്ലാക്കാര്യത്തിലും അമേരിക്കയെ ആദ്യമെത്തിക്കുമെന്ന ട്രംപിന്റെ നയത്തിനെതിരെ രാജ്യത്തിനകത്തും ആഗോള തലത്തിലും വിമർശനമുയർന്നിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമെന്നോണമാണ് ശീതകാല ഒളിംപിക്സിലെ ‘ഡച്ച് ട്രോൾ’. എല്ലാവർക്കും തുല്യപ്രാധാന്യം നൽകുകയാണു വേണ്ടതെന്നാണ് ട്രംപിന്റെ നയത്തെ എതിർക്കുന്നവരുടെ നിലപാട്.