Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം കരട് പ്രമേയമായി; കോൺഗ്രസ് കൂട്ടില്ലാതെ ബിജെപി വിരുദ്ധരെ കൂട്ടണം

cpm-logo-1

ന്യൂഡൽഹി∙ കോൺഗ്രസുമായി ധാരണയോ സഖ്യമോ ഇല്ലാതെ ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുകയെന്ന നിലപാടു വ്യക്തമാക്കിയുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഎം പുറത്തിറക്കി. കോൺഗ്രസുമായി സഖ്യമുള്ള പ്രാദേശിക പാർട്ടികളുമായി കൂട്ടുകെട്ടാവാമെന്ന കാരാട്ട്പക്ഷ നിലപാട് കരടിൽനിന്ന് ഒഴിവാക്കി.

പാർട്ടി കോൺഗ്രസിനു രണ്ടു മാസം മുൻപു കരട് പ്രമേയം പുറത്തിറക്കണമെന്നാണു വ്യവസ്ഥ. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയാണ് (സിസി) കരട് പ്രമേയത്തിന് അംഗീകാരം നൽകിയത്. പ്രമേയത്തിൽ ദേശീയ സാഹചര്യത്തെക്കുറിച്ചുള്ള ഭാഗം പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും രാജ്യാന്തര സാഹചര്യങ്ങൾ സംബന്ധിച്ചത് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമാണു തയാറാക്കിയത്.

അവശേഷിക്കുന്ന വൈരുധ്യങ്ങൾ

രാഷ്ട്രീയ ലൈനിനെക്കുറിച്ചു പ്രമേയത്തിൽ പറയുന്നത്: ‘എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യദൗത്യം. എന്നാൽ, കോൺഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത്.’ ‘ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കാൻ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം മേൽപറഞ്ഞ രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കണം.’

പ്രധാന പ്രതിപക്ഷമായ കോൺഗ്രസുമായി ധാരണപോലുമില്ലാതെ എങ്ങനെ ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുമെന്നതാണു യച്ചൂരിപക്ഷം ഇപ്പോഴും ഉന്നയിക്കുന്ന ചോദ്യം. ആർജെഡി ഒഴികെയുള്ള പ്രധാന പ്രാദേശിക കക്ഷികളെല്ലാംതന്നെ കോൺഗ്രസുമായോ ബിജെപിയുമായോ എപ്പോഴെങ്കിലുമൊക്കെ സഖ്യമുണ്ടാക്കിയിട്ടുള്ളവയാണ്. കേരളത്തിലും ത്രിപുരയിലും എല്ലാ സീറ്റും ജയിച്ചാലും ഇടതിനു ലോക്സഭയിൽ ലഭിക്കാവുന്നത് 22 സീറ്റാണ്. അപ്പോൾ, എങ്ങനെ ബിജെപിയെ പരാജയപ്പെടുത്തി, ബദൽ സർക്കാരുണ്ടാക്കുമെന്നും യച്ചൂരിപക്ഷം ചോദിക്കുന്നു.

ഒഴിവാക്കിയ ഭാഗങ്ങൾ

ഇടതും കോൺഗ്രസ് ഇതര മതനിരപേക്ഷ കക്ഷികളും ദുർബലരായുള്ളതും ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാന മൽസരമുള്ളതുമായ സംസ്ഥാനങ്ങളിൽ വളരെക്കുറച്ചു സീറ്റുകളിൽ മാത്രം മൽസരിക്കണമെന്നും ബിജെപി സഖ്യത്തെ തോൽപിക്കാൻ ആഹ്വാനം ചെയ്യണമെന്നും കാരാട്ട്പക്ഷത്തിന്റെ കരട് രേഖയിൽ പറഞ്ഞിരുന്നു. പ്രാദേശിക കക്ഷിയും ബിജെപിയുമായി പ്രധാന മൽസരമുള്ള സംസ്ഥാനത്ത് പ്രാദേശിക കക്ഷി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാലും ആ കക്ഷിയുമായി ധാരണയുണ്ടാക്കണമെന്നും കാരാട്ട്പക്ഷത്തിന്റെ രേഖയിലുണ്ടായിരുന്നു. ഇത്തരത്തിൽ തന്ത്രം വിശദീകരിക്കേണ്ടതില്ലെന്നു കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ‍ ഈ ഭാഗങ്ങൾ കരട് പ്രമേയത്തിൽ നിന്ന് ഒഴിവാക്കി.

ചൈനയും ഉത്തര കൊറിയയും

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19–ാം കോൺഗ്രസിനെക്കുറിച്ചു രേഖ വിശദമായിത്തന്നെ പറയുന്നു. അസന്തുലതിവും അപര്യാപ്തവുമായ വികസനവും മെച്ചപ്പെട്ട ജീവിതം വേണമെന്ന ജനതാൽപര്യവും ചൈനീസ് പാർട്ടി എടുത്തുപറയുന്നുവെന്നും അവർ മുതിർന്ന ചില നേതാക്കളുൾപ്പെടെ അഴിമതി കാട്ടിയ പലരെയും പിടികൂടി ശിക്ഷിച്ചതായും കരട് പ്രമേയം പറയുന്നു. ആണവ മിസൈൽ പദ്ധതിക്ക് എന്തൊക്കെ ന്യായങ്ങളാണു പറയുന്നതെന്നും ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പുതിയ ശ്രമങ്ങളും പ്രമേയം പരാമർശിക്കുന്നു. ഉത്തര കൊറിയയുടെ നടപടികളെ പിന്താങ്ങിയല്ല, ആ രാജ്യം പറയുന്ന ന്യായീകരണങ്ങൾ എന്ന നിലയ്ക്കാണ് കരടു പ്രമേയത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.