Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർച്ച് ഒന്നുമുതൽ മിനിമം ചാർജ് എട്ടുരൂപ; വിദ്യാർഥികളുടെ നിരക്കിൽ മാറ്റമില്ല

Private Bus

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. മാർച്ച് ഒന്നുമുതൽ നിരക്കുവർധനവ് പ്രാബല്യത്തിൽ വരും. നിരക്കു വർധനയ്ക്ക് ഇടതു മുന്നണിയുടെ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് എട്ടു രൂപയായിട്ടാണ് ഉയർത്തുന്നത്. അതേസമയം, വിദ്യാർഥികളുടെ മിനിമം നിരക്കു വർധിപ്പിച്ചിട്ടില്ല. മറ്റു നിരക്കുകളിൽ സ്ലാബ് അടിസ്ഥാനത്തിൽ വർധനവുണ്ടാകും.

മിനിമം ചാർജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ 25% വിദ്യാർഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ഥികള്‍ക്ക് ഇളവു ലഭിക്കുന്നതിനു പ്രായപരിധി നിശ്ചയിക്കണമെന്നു കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ഥികള്‍ക്കു 40 കി.മീ വരെയുളള യാത്രയ്ക്കു പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ധനയേ ഉണ്ടാകൂ.

ഇന്ധനവിലയിലെ വർധനയാണ് സ്വകാര്യ, കെഎസ്ആർടിസി ബസുകളെ ബാധിച്ചതെന്നു മന്ത്രിസഭായോഗത്തിനുശേഷം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. രണ്ടു വർഷമായി ബസുടമകൾ നിരക്കു വർധിപ്പിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. പലതവണ സമരം നടത്തുന്നതിലേക്കും അവരുടെ പ്രതിഷേധമെത്തി. സ്വതവേ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയും നിരവധിത്തവണ യാത്രാക്കൂലി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ബസ് ചാർജ് വർധന പരിശോധിക്കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചത്. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൊതുവേ സ്വീകരിക്കുകയാണെന്നും മൂന്നു വർഷത്തിനുശേഷമാണ് നിരക്കു വർധിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നിരക്കു വർധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. ശക്തമായ സമരത്തിന് നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പു നൽകി. വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച കൊച്ചിയിൽ ബസ് ഉടമകൾ യോഗം ചേരും.

സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി അടിയന്തര യോഗം ചേർന്ന് നിരക്കുവർധനയ്ക്ക് അനുമതി നൽകിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാർജ് ഏഴിൽനിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽനിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽനിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.