Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങ്: പാർട്ടി മന്ത്രിമാരെ വിമർശിച്ച് സിപിഐ സമ്മേളനം

V.S. Sunilkumar

നെടുങ്കണ്ടം ∙ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പാർട്ടി മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്നാണു ഗ്രൂപ്പ് ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചത്. വായ പോയ കോടാലിയാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെന്നും ചർച്ചയിൽ വിമർശനമുയർന്നു.

വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭരണം നടത്തുന്നത് ജോയിന്റ് കൗൺസിൽ നേതാക്കളാണ്. റവന്യു–വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായ തോതിൽ പണപ്പിരിവ് നടത്തുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു.

ജില്ലാസമ്മേളനം ബുധനാഴ്ച സമാപിക്കാനിരിക്കെയാണു സിപിഐ മന്ത്രിമാർക്കെതിരെയുള്ള രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം.എം.മണിയെയും രൂക്ഷമായി വിമർശിച്ച പ്രവർത്തന റിപ്പോർട്ട് തിങ്കളാഴ്ച സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.

മണിക്കും പിണറായിക്കും എതിരെ റിപ്പോർട്ട്

ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ സംരക്ഷകനാണു മന്ത്രി മണിയെന്നു റിപ്പോർട്ടിൽ പറയുന്നു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നതു സംശയങ്ങളുയർത്തുന്നു. താനാണ് സർക്കാരെന്നാണു പിണറായി വിജയന്റെ ഭാവം. ജില്ലയിൽ എൽഡിഎഫിലെ മുന്നണി ബന്ധം അങ്ങേയറ്റം വഷളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രശ്നം വരുമ്പോൾ സിപിഎമ്മിന്റെ, പ്രത്യേകിച്ച് മന്ത്രി എം.എം.മണിയുടെ മട്ടും ഭാവവും മാറുമെന്നും ജോയ്സ് ജോർജ് എംപിയെ മറയാക്കി കൊട്ടാക്കമ്പൂർ മേഖലയിലെ മുഴുവൻ കയ്യേറ്റക്കാരെയും സംരക്ഷിക്കാനാണു മണി ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിച്ച ജനജാഗ്രതാ യാത്ര അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. പ്രചാരണത്തിലും ജനങ്ങളെ പങ്കെടുപ്പിക്കുന്നതിലും സിപിഎം ഒരു താൽപര്യവും കാണിച്ചില്ല. കാനത്തിന്റെ നേതൃത്വത്തിലുള്ള ജാഥ വിജയിക്കരുതെന്നു സിപിഎം ആഗ്രഹിച്ചതിന്റെ ഫലമാണ് സിപിഎം പ്രവർത്തകരുടെ എണ്ണം കുറഞ്ഞതിനു പിന്നിൽ.

എം.എം.മണി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ സിപിഐയെ മുഖ്യശത്രുവായി കാണുന്ന സമീപനമായിരുന്നു. ഒരുകാര്യവുമില്ലാതെ സിപിഐയെ ആക്രമിക്കുവാൻ മണി പ്രത്യേകം ശ്രദ്ധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.