Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’: ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി

Shuhaib-1 കണ്ണൂരിൽ അക്രമികളുടെ വെട്ടേറ്റു മരിച്ച ഷുഹൈബ്.

കണ്ണൂർ ∙ തിങ്കളാഴ്ച അർധരാത്രി മട്ടന്നൂരിനു സമീപം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകർ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ നടത്തിയ റാലിക്കിടെയാണ് ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകർ കൊലവിളി നടത്തിയത്. ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പ്രദേശത്ത് കെഎസ്‌‌യു–എസ്എഫ്ഐ സംഘര്‍ഷം ഉണ്ടായതിനിടെയായിരുന്നു കൊലവിളി.

Read In English

മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഇന്നലെ രാത്രി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ് (27), റിയാസ് മൻസിലിൽ റിയാസ് (27) എന്നിവർ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ വ്യക്തമാക്കി. കൊലപാതകത്തെ അപലപിക്കുന്നതായും ജയരാജൻ അറിയിച്ചു. പാർട്ടിയുമായി ബന്ധമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചുവപ്പ് ഭീകരതയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്‍റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഷുഹൈബിനും സംഘത്തിനുംനേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30 നാണു സംഭവം. ഇരു കാലുകൾക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്.

അതേസമയം, പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് പൊലീസ് സർജൻ അവധിയായതിനാൽ ഷുഹൈബിന്റെ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തുമെന്നാണ് റിപ്പോർട്ട്. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ രാത്രി പരിയാരത്തേക്കു മാറ്റിയിരുന്നു. പൊലീസ് ഇൻക്വസ്റ്റ് പരിയാരം മോർച്ചറിയിൽവച്ച് നടത്തുകയും ചെയ്തു. എന്നാൽ, പരിയാരത്തെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള അവധിയിലായതിനാലാണ് പോസ്റ്റുമോർട്ടം കോഴിക്കോട്ടേക്കു മാറ്റുന്നത്.