Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബിന്റെ കൊലപാതകം അപലപനീയം, സിപിഎമ്മിന് പങ്കില്ല: പി.ജയരാജൻ

Shuhaib-Jayarajan ഷുഹൈബ്, പി.ജയരാജൻ

തിരുവനന്തപുരം ∙ മട്ടന്നൂരിനു സമീപം എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവം അപലപനീയമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുമായി ബന്ധമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ചുവപ്പ് ഭീകരതയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്‍റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്തു പറഞ്ഞു.

ഇന്നലെ രാത്രി മട്ടന്നൂരിൽ നടന്ന കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുകയാണ്. ഈ കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പാർട്ടി ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. പാർട്ടി പ്രവർത്തകരിൽ ആർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

മട്ടന്നൂരിൽ സിപിഎം പ്രവർത്തകർ നടത്തിയ റാലിയിൽ ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിച്ചതും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നും ജയരാജൻ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ജില്ലയിൽ കോൺഗ്രസുമായി പാർട്ടിക്ക് യാതൊരു പ്രശ്നവുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. എങ്കിലും കൊലപാതകത്തെ പാർട്ടി അംഗീകരിക്കുന്നില്ല എന്നാണ് പറയാനുള്ളതെന്നും ജയരാജൻ വ്യക്തമാക്കി.

തലകൊയ്യുന്ന ചുവപ്പു ഭീകരതയ്ക്കെതിരെ ജനമനഃസാക്ഷി ഉണരണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു ജയരാജന്റെ മറുപടി ഇങ്ങനെ: ‘ചെന്നിത്തല പറയുന്ന ചുവപ്പു ഭീകരത എന്ന ആക്ഷേപം നമ്മുടെ രാജ്യത്ത് ആർഎസ്എസ്സും ബിജെപിയും സിപിഎമ്മിനെതിരെ സ്ഥിരമായി പറയുന്നതാണ്. ആർഎസ്എസ്സിന്റെ ഈ മുദ്രാവാക്യം ഇപ്പോൾ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയും ഏറ്റെടുത്തിരിക്കുകയാണ്. സിപിഎമ്മിനെ ആക്രമിക്കുന്ന കാര്യത്തിൽ ആർഎസ്എസ്സും കോൺഗ്രസും തമ്മിൽ എത്ര യോജിപ്പാണെന്നാണ് ഇതു തെളിയിക്കുന്നത്.’

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത്‌ ഷുഹൈബ്‌ വെട്ടേറ്റ്‌ മരിച്ച സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന്‌ എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.