Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിമിനൽ കേസുകളിൽ ‘മുഖ്യൻ’ ഫഡ്നാവിസ്; പിണറായി വിജയൻ രണ്ടാമത്

Fadnavis-Pinarayi ദേവേന്ദ്ര ഫഡ്നാവിസ്, പിണറായി വിജയൻ

ന്യൂഡൽഹി∙ രാജ്യത്ത് ഏറ്റവുമധികം ക്രിമിനൽ കേസുകളുള്ള മുഖ്യമന്ത്രി മഹാരാഷ്ട്രയ്ക്കു സ്വന്തം. ബിജെപിക്കാരനായ അവരുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരിൽ 22 ക്രിമിനൽ കേസുകളാണുള്ളത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ 11 കേസുകളുമായി രണ്ടാമതുണ്ട്. മുഖ്യമന്ത്രിമാർ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഓരോ മുഖ്യമന്ത്രിയുടെയും പേരിലുള്ള ക്രിമിനൽ കേസുകളുടെ എണ്ണം വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലം ആധാരമാക്കി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

29 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണു സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ച് 20 മുഖ്യമന്ത്രിമാരുടെ പേരിൽ ഒരു ക്രിമിനൽ കേസ് പോലുമില്ല. ബാക്കി 11 പേരുടെ പേരിലും കുറഞ്ഞത് ഒരു ക്രിമിനൽ കേസെങ്കിലുമുണ്ട്. ഫഡ്നാവിസിന്റെ പേരിലുള്ള ക്രിമിനൽ കേസുകളിൽ മൂന്നെണ്ണം ഗൗരവ സ്വഭാവമുള്ളതാണ്. പിണറായിയുടെ പേരിലുള്ള 11 ക്രിമിനൽ കേസുകളിൽ ഗൗരവസ്വഭാവമുള്ളത് ഒരു കേസിനാണ്.

10 ക്രിമിനൽ കേസുകളിൽ പ്രതിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ പിണറായിക്കു തൊട്ടുപിന്നിലുണ്ട്. കേജ്‌രിവാളിന്റെ പേരിലുള്ള കേസുകളിൽ നാലെണ്ണം ഗൗരവസ്വഭാവമുള്ളതാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന്റെ പേരിൽ ഗൗരവസ്വഭാവമുള്ള ഒരു കേസുൾപ്പെടെ എട്ടു ക്രിമിനൽ കേസുകളും പ‍ഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരിൽ ഗൗരവ സ്വഭാവമുള്ള മൂന്നു കേസുകൾ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളുമുണ്ട്.

ഇന്ത്യൻ മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനാഢ്യൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണെന്നും റിപ്പോർട്ട് പറയുന്നു. നായിഡുവിന്റെ പേരിൽ 177 കോടി രൂപയുടെ സ്വത്തുണ്ട്. രണ്ടാമതുള്ള അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ടുവിന്റെ പേരിൽ 129 കോടിയുടെ സ്വത്തും മൂന്നാമതുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരിൽ 48 കോടിയുടെ സ്വത്തുമുണ്ട്.

അതേസമയം, 26 ലക്ഷം രൂപയുടെ സ്വത്തു മാത്രമുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരാണ് ഏറ്റവും ‘ദരിദ്രനായ’ മുഖ്യമന്ത്രി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പേരിൽ 30 ലക്ഷം രൂപയുടെ സ്വത്തും ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുടെ പേരിൽ 55 ലക്ഷം രൂപയുടെ സ്വത്തും മാത്രമേയുള്ളൂ.

ഡോക്ടറേറ്റ് ഉള്ള ഒരേയൊരു മുഖ്യമന്ത്രി മാത്രമേ ഇന്ത്യയിലുള്ളൂ, സിക്കിം മുഖ്യമന്ത്രി പി.കെ. ചാംലിങ്. 39% മുഖ്യമന്ത്രിമാർ ബിരുദധാരികളും 32% പേർ പ്രഫഷനലുകളുമാണ്. 16% പേർക്ക് ബിരുദാനന്തരബിരുദമുണ്ട്. 10% പേർക്കാകട്ടെ ഹൈസ്കൂൾ വിദ്യാഭ്യാസമേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.