Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗരന്മാരുടെ തിരിച്ചറിയൽ രേഖ ചോദിക്കാൻ കേന്ദ്രത്തിന് അർഹതയില്ലേ?: സുപ്രീം കോടതി

Supreme-Court

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനു പൗരന്മാരുടെ തിരിച്ചറിയൽ രേഖ ചോദിക്കാൻ അർഹതയില്ലേയെന്നു സുപ്രീം കോടതി. ചില ആനുകൂല്യങ്ങൾ അവരവരുടെ തിരിച്ചറിയൽ രേഖയെ ആശ്രയിച്ചായിരിക്കും സർക്കാർ നൽകുക. അങ്ങനെ വരുമ്പോൾ തിരിച്ചറിയൽ രേഖ സർക്കാരിന് അറിയേണ്ടേ? – ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഹർജി ഇനി വ്യാഴാഴ്ച പരിഗണിക്കും.

ആധാർ പദ്ധതിയുടെ പിന്നിലെ ആശയം ജനങ്ങൾക്കെല്ലാം ഒരേയൊരു തിരിച്ചറിയൽ രേഖയെന്നതാകാമെന്നും ബെഞ്ച് നിരീക്ഷിച്ചു. അതൊരു വിവേകപൂർവമായ നിബന്ധനയല്ലേയെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു.

‘അർഹതയെന്നതു തർക്കത്തിന് അതീതമാണെങ്കിലും നിങ്ങൾ ആരെന്നു വ്യക്തമാക്കാൻ ചെറിയൊരു വഴിയെങ്കിലും വേണ്ടേ? ഭരണഘടനാപരമായ അവകാശം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന നിബന്ധന വന്നാലാണ് അതു ഭരണഘടനാവിരുദ്ധമാകുക’ – ബെഞ്ച് പറഞ്ഞു.

പൗരൻ എന്നതാണു പ്രാഥമികമായി പരിഗണിക്കേണ്ടതെന്നും അല്ലാതെ ആധാർ കാർഡ് ഉള്ളയാളാണോ എന്നതല്ലെന്നുമുള്ള വാദം ഉയർന്നപ്പോഴാണ് ബെഞ്ച് ഇക്കാര്യങ്ങൾ പറഞ്ഞത്. ഒരാളെ തിരിച്ചറിയുന്നത് ആധാർ കാർഡ് വഴി മാത്രമെന്നു ഭരണകൂടം അനുശാസിക്കരുതെന്നു ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.

‘സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കേസാണിത്. ഈ കേസിന്റെ വിധി രാജ്യത്തിന്റെ പോക്കിനെ സ്വാധീനിക്കും. തിരഞ്ഞെടുക്കാനുള്ള അവകാശമുള്ള രാജ്യത്താണോ നമ്മൾ ജീവിക്കുന്നത് അതോ ഭരണകൂടം തിരഞ്ഞെടുപ്പ് നടത്തുന്ന രാജ്യമാകണോ? കോടതി എന്താണോ തീരുമാനിക്കുന്നത് അത് എന്റെയും എന്റെ മക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ പിറക്കാനിരിക്കുന്ന മക്കളെയും ബാധിക്കും. അത്രത്തോളം സുരക്ഷിതമായ ചില രാജ്യങ്ങളിൽ പൗരന്മാരുടെ വിവരങ്ങൾ 10 വർഷത്തേക്കു ശേഖരിക്കാറുണ്ട്. പിന്നീട് ഇവ ഉപേക്ഷിക്കും. ഇതു വളരെ ചുരുക്കം ആവശ്യങ്ങൾക്കുമാത്രമാണ് ഉപയോഗിക്കുക’, കപിൽ സിബൽ വ്യക്തമാക്കി.

അതേസമയം, ആധാർ എന്നതു പൗരന്മാരുടെ അന്തസ്സും സ്വാതന്ത്ര്യവും സമത്വവും ലംഘിച്ചെന്നു മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. വ്യക്തിയെ ഡിജിറ്റൽ വസ്തുവാക്കിമാറ്റുകയാണ് ആധാർ പദ്ധതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.