Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ ജില്ലയിൽ ഹർത്താൽ പുരോഗമിക്കുന്നു; ഷുഹൈബിന്റെ കബറടക്കം വൈകിട്ട്

Shuhaib കണ്ണൂർ മട്ടന്നൂരിൽ അക്രമികളുടെ വെട്ടേറ്റു മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്.

കണ്ണൂർ ∙ മട്ടന്നൂരിനു സമീപം എടയന്നൂരിൽ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് ആറു മണിയോടെ എടയന്നൂരിൽ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം എടയന്നൂരിൽത്തന്നെയാണ് കബറടക്കം. കണ്ണൂരിലും തളിപ്പറമ്പിലും പൊതുദർശനമുണ്ടായിരിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അതു വേണ്ടെന്നുവച്ചു.

അതേസമയം, അക്രമത്തിനുപിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയില്ലെന്ന് ഹർത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്. ഊട്ട് ഉത്സവം കണക്കിലെടുത്ത് പയ്യാവൂർ പഞ്ചായത്തിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.

YC Kannur യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാടിയോട്ടുചാലിൽ നടത്തിയ പ്രകടനം.

യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബാണ് (30) ഇന്നലെ അർധരാത്രി കൊല ചെയ്യപ്പെട്ടത്. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറിൽ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസിൽ നൗഷാദ്(27), റിയാസ് മൻസിലിൽ റിയാസ്(27) എന്നിവർ കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഇവർക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരു കാലുകൾക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്.

മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

related stories