Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ വൈ–ഫൈ വരും, റോഡുകൾ നന്നാക്കും: പ്രഖ്യാപന പെരുമഴയിൽ എഎപി വാർഷികം

Arvind Kejriwal എഎപി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ന്യൂഡൽഹി∙ അധികാരത്തിൽ മൂന്നു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും സൗജന്യ വൈ–ഫൈ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി ആംആദ്മി സർക്കാർ. അധികാരത്തിലെത്തിയാൽ ഡൽഹിയിൽ എല്ലായിടത്തും സൗജന്യ വൈ–ഫൈ ലഭ്യമാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു. പാർട്ടിക്ക് യുവാക്കളുടെ വോട്ടു ലഭിക്കാൻ സഹായകമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.

ഈ വർഷം തന്നെ വൈ–ഫൈ നൽകുന്ന തീയതി പ്രഖ്യാപിക്കും. ഇതിനായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട് – മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. എഎപി തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ പാലിക്കാത്തതിനെതിരെ എതിർപാർട്ടികൾ പലതവണ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച കേജ്‌രിവാളിന്റെ വീട്ടിലേക്കു പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എഎപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

2016 ഡിസംബറിനകം ഡൽഹിയിലെ അഞ്ഞൂറോളം സ്ഥലങ്ങളിൽ അതിവേഗ വൈ–ഫൈ ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. സൗജന്യ ഇന്റർനെറ്റിന് പരിധി ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. എന്നാൽ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.

വനിതകളുടെ സുരക്ഷയുറപ്പാക്കുന്നതിനായി ഡൽഹിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും കേജ്‌രിവാൾ പറഞ്ഞു. അടുത്ത അഞ്ചോ ആറോ മാസങ്ങൾക്കുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ

∙ ബജറ്റിൽ വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായിരിക്കും മുൻഗണന.

∙ ഡൽഹിയിലെ റോഡുകളുടെയും കോളനികളിലെ മലിനജല ബഹിർഗമന സംവിധാനങ്ങളുടെയും നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ബജറ്റിൽ പ്രത്യേകം  തുക വകയിരുത്തും.

∙ നഗരത്തിലെ മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിന് ദിവസവും വായുശുദ്ധി പരിശോധന ഉറപ്പാക്കും. ഏതു മേഖലയിലാണ് മലിനീകരണം കൂടുതലെന്നു തിരിച്ചറിഞ്ഞു നടപടിയെടുക്കും. ഇതിനായി പ്രത്യേക യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കും.

∙ മലിനീകരണത്തെ ചെറുക്കാൻ നഗരത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സർക്കാർതല പദ്ധതി.

∙ വിവിധ ആവശ്യങ്ങൾക്കായി റോഡു കുഴിക്കുന്ന ഏജൻസികൾ തന്നെ അവിടെ അറ്റകുറ്റപ്പണി നടത്തണമെന്നു നിർദേശിക്കും. അതുവഴി പൊടിശല്യം കുറയ്ക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.