Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ സ്വത്ത്: പരിശോധന വേണമെന്ന് ബിജെപി; ഉന്നയിച്ചത് ഗുരുതര ആരോപണം

AN Radhakrishnan കോടിയേരി ബാലകൃഷ്ണൻ, എ.എൻ,രാധാകൃഷ്ണൻ

കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി രംഗത്ത്. സ്വത്തുവിവരം സംബന്ധിച്ചു തെറ്റായ സത്യവാങ്മൂലം നൽകി ഗവർണറെ കോടിയേരി തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ബ്രാഞ്ച് കമ്മിറ്റി നേതാവ് വരെ കണക്ക് രേഖപ്പെടുത്തേണ്ട പാർട്ടിയിലാണു സംസ്ഥാന സെക്രട്ടറി സുതാര്യതയില്ലാതെ ഇടപാടുകൾ നടത്തുന്നത്. കോടിയേരിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംബന്ധിച്ചു വിശദമായ പരിശോധന വേണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

മുൻപു 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണു ഗവർണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 2011ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വിനോദിനിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളിൽ ഒന്നിൽ വീടുണ്ട്. എന്നാൽ 2015 ജൂൺ 30ന് കോടിയേരി ഗവർണർക്കു നൽകിയ സത്യവാങ്മൂലത്തിൽ വീടിരിക്കുന്ന പ്ലോട്ടിന് നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്.

2014ൽ 22 വയസ്സുകാരനായ നിഖിൽ രാജേന്ദ്രന് വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകൾ 45 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയിട്ടുണ്ട്. ചൊക്ലി റജിസ്ട്രാർ ഓഫിസിലായിരുന്നു നടപടികൾ. അഞ്ചര ലക്ഷം രൂപ റജിസ്ട്രേഷനു ചെലവായി. ലഭിച്ച 45 ലക്ഷം രൂപ എന്തു ചെയ്തുവെന്നു വ്യക്തമല്ല.

വിനോദിനി 45 ലക്ഷം രൂപയ്ക്കു വിറ്റ സ്ഥലത്തിനു തൊട്ടടുത്തായി മകൻ ബിനീഷ് കോടിയേരി ഇതേ കാലയളവിൽ ലക്ഷ്മിയമ്മ, സോമൻ എന്നിവരിൽ നിന്നു അഞ്ചേമുക്കാൽ ലക്ഷത്തിനു 12.5 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഭൂമിക്കു വിലക്കുറവുള്ള ഈ സ്ഥലത്തു വിനോദിനിയുടെ ഭൂമിയ്ക്കു മാത്രം എങ്ങനെ കൂടുതൽ വില ലഭിച്ചുവെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2009ൽ സിപിഎം നിയന്ത്രണത്തിലുള്ള ചൊക്ലി സഹകരണ ബാങ്ക്, കോടിയേരി സർവീസ് സഹകരണ ബാങ്ക് എന്നിവയിൽ ഇതേ പ്ലോട്ടുകൾ ജാമ്യം വച്ചു വിനോദിനി 18 ലക്ഷം രൂപയുടെ വായ്പയും എടുത്തിട്ടുണ്ടെന്നു എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. സ്ഥലം വിറ്റ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.