Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി രാഷ്ട്രീയം മാത്രം, സിനിമയിലേക്കില്ല: വിരമിക്കൽ പ്രഖ്യാപിച്ച് കമൽ ഹാസൻ

Kamal Haasan

ബോസ്റ്റൺ∙ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചു കമൽ ഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമൽ പറഞ്ഞു. ബോസ്റ്റണിലെ ഹാവാർഡ് സർവകലാശാലയിൽ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂർവകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വർഷമായി താൻ സന്നദ്ധപ്രവർത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വർഷത്തിനുള്ളിൽ പത്തു ലക്ഷത്തോളം പ്രവർത്തകരെയാണു താൻ നേടിയതെന്നും കമൽ കൂട്ടിച്ചേർത്തു.

‘37 വർഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേർക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല താൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാൻ ആഗ്രഹിക്കാത്തതിനാലാണു താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തിൽ തനിക്കു തന്നെ ഉറപ്പുനൽകിയിട്ടുണ്ട്’ – അദ്ദേഹം വ്യക്തമാക്കി.

‘എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതിൽ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. അതേക്കുറിച്ചു പരാതി പറയാൻ സാധിക്കില്ല. ദ്രാവിഡൻ സംസ്കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ ‍ഞങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ല’ – കമൽ പറഞ്ഞു.

‘താനൊരു ഹിന്ദു വിരോധിയോ അവർക്കെതിരോ അല്ല. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തിൽ അധിഷ്ഠിതമാണെങ്കിൽ അദ്ദേഹവുമായി സഖ്യത്തിലേർപ്പെടില്ല. പത്തിരുപത് വർഷങ്ങൾക്കു മുൻപാണു താൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതു സംബന്ധിച്ചൊരു അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. തമിഴ്നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. മുഖ്യമന്ത്രിയാകാനല്ല തന്റെ ആഗ്രഹം, ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ്’ – കമൽ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.