Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയോടുള്ള എതിർപ്പ് ശക്തമാക്കി കാനം: ഇടതുമുന്നണിയിൽ ഉൾപ്പെടുത്താനാകില്ല

kanam-rajendran കാനം രാജേന്ദ്രൻ

തൊടുപുഴ ∙ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലേക്കു ചെല്ലാൻ ഇടതുമുന്നണിക്കു മധ്യസ്ഥപ്രാർത്ഥനക്കാരുടെ ആവശ്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിക്കു നഷ്ടമുണ്ടാക്കുന്ന ഒരു കാര്യത്തിനും സിപിഐ ഇല്ല. സിപിഐ ചെയ്യുന്നതു ശരിയാണെന്നു ജനത്തിനു ബോധ്യമുണ്ട് അതുകൊണ്ടാണു സിപിഐക്കു ജനപിന്തുണയുള്ളത്. അതിനു പരിഭവിച്ചിട്ടു കാര്യമില്ല. - കാനം പറഞ്ഞു

കെ.എം. മാണിയെ ഇടതുമുന്നണിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടു മുന്നോട്ടുപോകാൻ സിപിഐക്കാവില്ലെന്നും കാനം വ്യക്തമാക്കി. കേരള കോൺഗ്രസിനെതിരെക്കൂടി മൽസരിച്ചാണു സിപിഐ ജയിച്ചത്. ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നാണ് കമ്യൂണിസ്റ്റ് നിലപാട്. സന്ദർഭത്തിന് അനുസരിച്ച് ആരുമായാണ് കൂടേണ്ടതെന്നും ആരെയാണ് എതിർക്കേണ്ടതെന്നുമുള്ള തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്.

ആർഎസ്എസിനെയും ബിജെപിയെയും എതിർക്കാൻ സിപിഎമ്മിനും സിപിഐക്കും കഴിയണം. ഇന്നു നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. തർക്കങ്ങൾ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തിരിച്ചടി നേരിട്ടിട്ടുണ്ട്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ. ശിവരാമനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ കൗൺസിൽ അംഗസംഖ്യ 46ൽ നിന്ന് 50 ആയി ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.