Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർഎസ്എസ് സഹായം തേടി: ഉമാ ഭാരതി

Uma-Bharti

ഭോപ്പാൽ∙ സ്വാതന്ത്ര്യത്തിനുപിന്നാലെ പാക്കിസ്ഥാൻ ജമ്മു കശ്മീർ ആക്രമിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആർഎസ്എസിന്റെ സഹായം തേടിയിരുന്നെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി ഉമ ഭാരതി രംഗത്ത്. നെഹ്റുവിന്റെ അഭ്യർഥന മാനിച്ചു സംഘപരിവാർ പ്രവർത്തകർ അവിടെയെത്തി സഹായം ചെയ്തുവെന്നും ഉമ ഭാരതി വ്യക്തമാക്കി.

യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി സജ്ജമാകാനെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഉമ ഭാരതിയുടെ അവകാശവാദവും വരുന്നത്. അതേസമയം, മോഹൻ ഭഗവതിന്റെ പരാമർശങ്ങൾക്കു നേരിട്ടൊരു പ്രതികരണം നടത്താൻ ഉമാ ഭാരതി തയാറായില്ല.

‘സ്വാതന്ത്ര്യത്തെത്തുടർന്നു കശ്മീർ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേർക്കാനുള്ള കരാർ ഒപ്പിടാൻ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിർബന്ധിക്കുകയും ചെയ്തു. നെഹ്റുവും ധർമസങ്കടത്തിലായി. ഉടൻ പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. അവരുടെ സൈനികർ ഉധംപുർ വരെയെത്തുകയും ചെയ്തു.

പെട്ടെന്ന് അവിടെയെത്താനുള്ള ‘ഹൈടെക്ക് ഉപകരണങ്ങൾ’ ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്നില്ല. ആക്രമണം അത്രമേൽ അപ്രതീക്ഷിതമായിരുന്നു. ആ സമയത്തു പ്രവർത്തകരുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടു നെഹ്റു അന്ന് ആർഎസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോൾവാക്കർക്ക് കത്തയച്ചു. ഇതേത്തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ – ഉമാ ഭാരതി അവകാശപ്പെട്ടു.

‘ഇന്ന് സൈന്യത്തിനു നേരെ കല്ലേറുണ്ടാകുന്നു, അവർക്കുനേരെ എഫ്ഐആർ ചാർത്തപ്പെടുന്നു. സൈന്യം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുവെന്നു ജെഎൻയുവിൽ (ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) ആരോപണങ്ങളുയരുന്നു... ഇതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ ആർഎസ്എസ് പ്രവർത്തകർക്കു കഴിയുമെന്നു പറയുമ്പോൾ അതു സൈന്യത്തിനുള്ള അപമാനമാണെന്നു പറയുന്നു’ – ഉമാ ഭാരതി പറഞ്ഞു.

related stories