Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ അണ്വായുധങ്ങൾ പ്രയോഗിക്കാനൊരുങ്ങി പാക്കിസ്ഥാൻ: ഇന്ത്യയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്

nuclear-pakistan

വാഷിങ്ടൻ∙ ഏറ്റവും പുതിയ തരത്തിലുള്ള അണ്വായുധങ്ങൾ പാക്കിസ്ഥാൻ നിർമിക്കുന്നുവെന്ന മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഹ്രസ്വശ്രേണിയിലുള്ള തന്ത്രപരമായ മിസൈലുകളടക്കം മേഖലയിലെ ഭീഷണി വ്യാപിപ്പിക്കുന്ന തരത്തിലുള്ള അണ്വായുധങ്ങളാണ് പാക്കിസ്ഥാൻ നിർമിക്കുന്നത്. ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുൻജ്വാൻ സൈനിക ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്.

ഇന്റലിജൻസ് സെനറ്റ് സെലക്ട് കമ്മിറ്റിയുടെ ‘ലോകം നേരിടുന്ന ഭീഷണി’ വിഷയത്തിലുള്ള കോൺഗ്രസിൽ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ ഡാൻ കോട്സാണ് അണ്വായുധ നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. സമുദ്രത്തിൽനിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈലുകളും ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളും പാക്കിസ്ഥാൻ നിർമിക്കുന്നുണ്ട്. മേഖലയിലെ സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്നും കോട്സ് പറയുന്നു.

കൂടാതെ, പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും കോട്സ് പറയുന്നു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്ക് ഭീകരർ ആക്രമണം നടത്തിയേക്കും. നിയന്ത്രണ രേഖയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരും. പ്രമുഖ നേതാക്കളെ ലക്ഷ്യം വച്ച് പാക്ക് സംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും കോട്സ് മുന്നറിയിപ്പു നൽകി.

അതേസമയം, ഉത്തര കൊറിയ ഉയർത്തുന്ന ആണവഭീഷണിയാകും അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കോട്സ് പറഞ്ഞു. ഇറാനും സിറിയയുമടക്കമുള്ള രാജ്യങ്ങൾക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ സാങ്കേതികത കൈമാറിയിട്ടുണ്ട്. കൂടാതെ 2007ൽ തകർന്ന സിറിയൻ ആണവ റിയാക്ടറിന്റെ പുനർനിർമാണത്തിനുള്ള സഹായവും അവർ നൽകുന്നു. കഴിഞ്ഞ വർഷം ഒട്ടേറെ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഇതിന്റെ പേരിൽ യുഎന്നും വിവിധ രാജ്യങ്ങളും ഉത്തരകൊറിയയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുമുണ്ട്.