Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

33,000 ടൺ ഉരുക്ക്, 3000 കോടി ചെലവ്; മോദിയുടെ പട്ടേൽ പ്രതിമ ഉദ്ഘാടനം ഒക്ടോബറിൽ

Patel-Statue നിർമാണം പൂർത്തിയാകുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ. ചിത്രം: സ്റ്റാച്യു ഓഫ് യൂനിറ്റി

അഹമ്മദാബാദ് ∙ മൂവായിരം കോടിയോളം രൂപ ചെലവിട്ടു നർമദ നദിയിൽ നിർമിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ– സ്റ്റാച്യു ഓഫ് യൂനിറ്റി) ഉദ്ഘാടനത്തിന് ഒരുങ്ങി. പട്ടേലിന്റെ 143–ാം ജന്മദിനമായ ഒക്ടോബർ 31ന് ഉദ്ഘാടനം ചെയ്യാനാണു ഗുജറാത്ത് സർക്കാരിന്റെ തീരുമാനമെന്നു ചീഫ് സെക്രട്ടറി ജെ.എൻ.സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണിത്.

182 മീറ്റർ ഉയരമുള്ള പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിലാണു പട്ടേൽ സ്മാരകം ഉയരുന്നത്. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതിക്കു മോദി തറക്കല്ലിട്ടത്. ഗുജറാത്തിലെ എംഎല്‍എമാരുടെ എണ്ണം കണക്കാക്കിയാണ് 182 മീറ്റര്‍ ഉയരം നിശ്ചയിച്ചത്.

നിലവില്‍ ലോകറെക്കോര്‍ഡുള്ള ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യു ഓഫ് ലിബര്‍ട്ടി’യുടെ ഉയരം 93 മീറ്ററാണ്. പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമ തടാകം നിര്‍മിക്കും. പ്രതിമയുടെ ഹൃദയഭാഗം വരെയുള്ള ഉയരത്തില്‍ സഞ്ചാരികള്‍ക്കെത്താം. താഴ്‌വരയും മലമ്പ്രദേശങ്ങളും തടാകവും നര്‍മദ അണക്കെട്ടും ആസ്വദിക്കാം. പ്രമുഖ ശിൽപി റാം വി.സുതർ ആണ് ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത്.

33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ പൂർത്തിയാക്കുന്നത്. പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ താരതമ്യങ്ങളില്ലാത്ത സ്മാരകമായി പ്രതിമ മാറുമെന്നു ജെ.എൻ.സിങ് വ്യക്തമാക്കി.

related stories