Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗാലാൻഡിൽ 1000 കോടിയുടെ തട്ടിപ്പ്: ശ്രീവൽസം ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

kochi-black-money-sreevalsam ശ്രീവൽസം ഗ്രൂപ്പ് സ്ഥാപകൻ എം.കെ.ആർ.പിള്ളയുടെ വീട്. (ഫയൽചിത്രം)

കൊച്ചി∙ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശ്രീവൽസം ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ആദായനികുതി വകുപ്പ്. ശ്രീവൽസം ഗ്രൂപ്പ് സ്ഥാപകൻ എം.കെ.ആര്‍.പിള്ള, ഭാര്യ, മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവരുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള 36 വസ്തുവകകളാണു താൽകാലികമായി കണ്ടുകെട്ടിയത്. നികുതിവെട്ടിപ്പു തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.

വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിന്റെ വികസനത്തിനു കേന്ദ്ര സർക്കാർ നൽകിയ 1000 കോടി രൂപ പന്തളം സ്വദേശി എം.കെ.ആർ.പിള്ളയുടെ ശ്രീവൽസം ഗ്രൂപ്പ് തട്ടിയെടുത്തെന്ന് ആദായനികുതി വകുപ്പു കണ്ടെത്തിയിരുന്നു. നാഗാലാൻഡിലെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായ അഴിമതിയാണിതെന്നും കണ്ടെത്തലുണ്ട്. അതിർത്തി സംസ്ഥാനമായ നാഗാലാൻഡിലെ സുരക്ഷ സംബന്ധിച്ച വികസന പ്രവർത്തനങ്ങൾക്കു ലഭിച്ച തുകയാണു പദ്ധതി നടപ്പാക്കാതെ വ്യാജ റിപ്പോർട്ടുകളുണ്ടാക്കി ശ്രീവൽസത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്. 

ഈ തുക വിനിയോഗിച്ചു എം.കെ.ആർ.പിള്ളയും കുടുംബാംഗങ്ങളും കേരളത്തിൽ റിയൽ എസ്റ്റേറ്റ്, ജ്വല്ലറി, വസ്ത്രവ്യാപാരം എന്നിവയാണു നടത്തുന്നത്. നാഗാലാൻഡ് പൊലീസിലെ റിട്ട.ഡപ്യൂട്ടി സൂപ്രണ്ടായ പിള്ളയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വിവിധ അക്കൗണ്ടുകളിൽനിന്നു പണം എത്തിയതിന്റെ രേഖകൾ‌ ആദായനികുതി വകുപ്പു ശേഖരിച്ചു. സർവീസിൽനിന്നു വിരമിച്ച ശേഷവും ഇയാളെ പൊലീസ് ആസ്ഥാനത്തു താൽക്കാലിക ജോലിയിൽ നിയമിച്ചിരുന്നു. 

പൊലീസ് വാഹനങ്ങളുടെ ചുമതലയാണു നൽകിയിരുന്നത്. നാഗാലാൻഡ് പൊലീസിന്റെ വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ വന്നുപോയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പത്ത് വർഷത്തിലധികമായി പൊലീസ് ട്രക്കിലാണു നാഗാലൻഡിൽനിന്നു കേരളത്തിലേക്കു കറൻസിയും സ്വർണവുമുൾപ്പെടെ പൊലീസ് സുരക്ഷയോടെ എത്തിക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, പരിശോധനയിൽ ആദായനികുതി വകുപ്പ് ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണു ശ്രീവൽസം ഗ്രൂപ്പ് നിലപാട് എടുത്തിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.