Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡാറ് ലവ്: ഹിന്ദു–മുസ്‌ലിം വര്‍ഗീയവാദികൾ ഒത്തുകളിക്കുന്നുണ്ടോ എന്നും സംശയിക്കാം: പിണറായി

Pinarayi Priya

തിരുവനന്തപുരം∙ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദവും ചര്‍ച്ചയും ഒന്നും യാദൃശ്ചികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. ഇക്കാര്യത്തില്‍ ഹിന്ദു–മുസ്‌ലിം വര്‍ഗീയവാദികൾ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു.

‘മാണിക്യമലരായ പൂവി’ എന്ന മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്‌ലിം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണു ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്‍റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിനു വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലർ’' പതിറ്റാണ്ടുകളായി മുസ്‌ലിം വീടുകളില്‍, വിശേഷിച്ചും കല്യാണവേളകളില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്നു പാട്ടു ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാ ബീവിയുമായുളള വിവാഹവുമാണു പാട്ടിലുളളത്.

മതമൗലികവാദികൾ, അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാത്തരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്കു സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണു കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും പിണറായി കുറിച്ചു.

related stories