Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നു: പ്രതികരണവുമായി കാനം

Kanam Rajendran

കോട്ടയം ∙ കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിർത്തുപോന്നിട്ടുള്ള പാർട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സിപിഐയാണ്. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം. മാണിയും അദ്ദേഹത്തിന്റെ കേരള കോൺഗ്രസും ഇടതുമുന്നണിയിൽ വേണ്ടെന്ന നിലപാട് കാനം ആവർത്തിച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ മാണിയില്ലാതെയാണ് ഇടതുമുന്നണി ജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് മാണിക്കറിയാം. അതുകൊണ്ടാണ് സിപിഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞതെന്നും കാനം പരിഹസിച്ചു.

എൽഡിഎഫിന്റെ അടിത്തറ വികസിപ്പിക്കുന്നത് മാനസിക ഐക്യമുള്ളവരുമായി വേണമെന്നും കാനം ചൂണ്ടിക്കാട്ടി. അങ്ങനെ നോക്കുമ്പോൾ മാണി ചിത്രത്തിലേയില്ല. എൽഡിഎഫിലേക്കു വന്നാൽത്തന്നെ മാണി വിഭാഗം ഒറ്റക്കെട്ടായി വരുമെന്ന് വിചാരിക്കുന്നുണ്ടോയെന്നും കാനം മാധ്യമങ്ങളോട് ചോദിച്ചു. ഒറ്റക്കെട്ടായാലും രണ്ടുകെട്ടായാലും മാണിയെ ഇടതുമുന്നണിയിൽ വേണ്ട. മാണിയെ കൂടെക്കൂട്ടുന്നതിൽ അഴിമതി തന്നെയാണു പ്രധാന പ്രശ്നമെന്നും കാനം വിശദീകരിച്ചു. ഭരണനിലവാരം നോക്കിയാൽ കേരള സർക്കാരിന് എ പ്ലസ് തന്നെ നൽകുമെന്നും കാനം പറഞ്ഞു.

related stories