Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാണിക്യമലരായ പൂവി’: പ്രിയയ്ക്കും ഒമറിനുമെതിരെ മുംബൈയിൽ പരാതി

Omar-Lulu-Priya ഒരു അഡാറ് ലവ് സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനരംഗത്തിലെ അഭിനേതാക്കളായ പ്രിയ വാരിയർ, റോഷൻ എന്നിവർക്കൊപ്പം സംവിധായകൻ ഒമർ ലുലു. ചിത്രം∙ ഫെയ്സ്ബുക്

മുംബൈ∙ സമൂഹമാധ്യമങ്ങളിലൂടെ വൻപ്രചാരം നേടിയ, ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ വീണ്ടും കേസ്.  മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരൻ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ പ്രകാശ് വാരിയർ, സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണാവശ്യം.

ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നതായി കഴിഞ്ഞദിവസം ഹൈദരാബാദിലെ ഫലക്നുമ സ്റ്റേഷനിലും പരാതി കിട്ടിയിരുന്നു. പരാതിയിൽ സംവിധായകനെതിരെ കേസെടുത്തു. വരികളിൽ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയിൽനിന്നു നീക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‍ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരൻ സമിതി പ്രസിഡന്റ് മൊഹ്സിന്‍ അഹമ്മദ് ആരോപിച്ചു. 

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു.

അതേസമയം, യൂ ട്യൂബിൽ 2.6 കോടി ‘കാഴ്ചകളും’ പിന്നിട്ടു മുന്നേറുകയാണു മാണിക്യമലരായ പൂവി പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ഇന്റർനെറ്റിലെ പുത്തൻ സെൻസേഷനുമായി.

ബോളിവുഡ് താരം സൽമാൻ ഖാൻ, അല്ലു അർജുൻ, വിക്കി കൗശൽ തുടങ്ങിയ താരങ്ങളും പാട്ട് ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഗാനത്തിനെ പിന്തുണച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

പി.​എം.​എ.ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ഉൾപ്പെടെയുള്ളവർ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.

related stories