Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണായക ചുവടുവയ്പുമായി പാക്കിസ്ഥാൻ; സൗദിയിലേക്ക് സൈന്യത്തെ അയയ്ക്കും

Qamar Javed Bajwa പാക്ക് സൈനിക മേധാവി ഖമർ ജാവേജ് ബജ്‌വ

ഇസ്‌ലാമാബാദ് ∙ നിർണായകമായ നയതന്ത്ര ചുവടുവയ്പിൽ, സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. യെമൻ കേന്ദ്രീകരിച്ചുള്ള ഐഎസ് വിരുദ്ധ സൈനിക നടപടിയിൽ സൗദി നേതൃത്വം നൽകുന്ന സഖ്യത്തിനൊപ്പം ചേരാനില്ലെന്ന സുപ്രധാന തീരുമാനമെടുത്ത് മൂന്നു വർഷം പിന്നിടുമ്പോഴാണ് പാക്കിസ്ഥാന്റെ മനംമാറ്റം. പ്രാദേശിക തര്‍ക്കങ്ങളിൽ കക്ഷിചേരില്ലെന്ന പ്രഖ്യാപനത്തോടെയാണ് സൗദി അറേബ്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവിടേക്ക് സൈന്യത്തെയോ സൈനിക സന്നാഹങ്ങളെയോ അയയ്ക്കാൻ പാക്കിസ്ഥാൻ തയാറാകാതിരുന്നത്.

പാക്ക് സൈനിക മേധാവി ഖമർ ജാവേജ് ബജ്‌വയും പാക്കിസ്ഥാനിലെ സൗദി സ്ഥാനപതി നവാഫ് സയീദ് അൽ മാലിക്കിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന ചർച്ചയിലാണ് നിർണായക ചുവടുവയ്പുണ്ടായത്. യെമനിലെ ഐഎസ് അനുകൂലികളെ ലക്ഷ്യമിട്ട് സൗദി സൈനിക നീക്കം ആരംഭിച്ചതുമുതൽ കൂടുതൽ സൈന്യത്തെ വിട്ടുനൽകാൻ അവർ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. അതേസമയം, പാക്ക് സൈനിക മേധാവിയായിരുന്ന ജനറൽ റഹീൽ ഷരീഫ് തൽസ്ഥാനത്തുനിന്ന് വിരമിച്ചശേഷം ഒരു വർഷത്തോളമായി ഭീകരവാദത്തിനെതിരെ പോരാടുന്ന സൗദി സഖ്യസേനയുടെ തലവനാണ്. ഈ സഖ്യസേനയിൽ പാക്ക് സൈന്യം പങ്കാളികളാകില്ലെന്നാണ് സൂചന.

പാക്കിസ്ഥാനും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഇക്കാര്യം വിശദീകരിച്ച് പാക്ക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരിശീലക, ഉപദേശക ദൗത്യങ്ങളാകും പാക്ക് സൈന്യത്തിന് സൗദിയിലുണ്ടാകുക. അതേസമയം, പുതിയ തീരുമാനപ്രകാരം സൗദിയിലേക്ക് അയയ്ക്കുന്ന സൈനിക സംഘത്തെയോ നിലവിൽ സൗദിയിൽ സേവനം ചെയ്യുന്ന പാക്ക് സൈനിക ട്രൂപ്പുകളെയോ സൗദിക്ക് പുറത്തുള്ള സൈനിക സേവനങ്ങൾക്ക് നിയോഗിക്കില്ല.

ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന് പാക്കിസ്ഥാൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പ്രസ്താവനയിലുണ്ട്. പാക്കിസ്ഥാനും സൗദിക്കും സമാന താൽപര്യങ്ങളുള്ള വിഷയങ്ങൾ സൈനിക മേധാവിയും സൗദി സ്ഥാനപതിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും പ്രസ്താവനയിലുണ്ട്.