Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡർ യുവതികൾക്ക് ആനന്ദവാർത്ത; ഇനി കുഞ്ഞിനെ പാലൂട്ടി വളർത്താം

breast-feeding പ്രതീകാത്മക ചിത്രം.

വാഷിങ്ടൻ∙ കുഞ്ഞിനു പാലൂട്ടുകയെന്ന സ്വപ്നം ലോകത്താദ്യമായി സ്വന്തമാക്കി ട്രാൻസ്ജെൻഡർ യുവതി. യുഎസിലാണു കഴിഞ്ഞ ആറാഴ്ചയായി മുപ്പതുകാരി ട്രാൻസ് യുവതി കുഞ്ഞിനു പാലുകൊടുക്കുന്നതെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വൈദ്യശാസ്ത്രത്തിലെ ആദ്യത്തേതും അപൂര്‍വവുമായ നേട്ടമാണിതെന്നു ന്യൂയോർക്കിലെ മൗണ്ട് സിനായി ഹോസ്പിറ്റൽ സെന്റർ ഫോർ ട്രാൻസ്ജെൻഡർ മെഡിസിൻ ആൻഡ് സർജറി വിഭാഗം എൻഡോക്രൈനോളജിസ്റ്റ് ഡോ. തമാര്‍ റെയിസ്മാന്‍ പറഞ്ഞു. മുലപ്പാലില്ലാത്ത സ്ത്രീകളിൽ ചെയ്യാറുള്ള ഹോർമോൺ ചികിൽസ ഉൾപ്പെടെയുള്ളവയാണ് ഇവരിലും നടത്തിയത്. ഈ നേട്ടം ട്രാൻസ്ജെൻഡേഴ്സിനു പൂർണതോതിൽ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കു അടുപ്പിക്കുന്നതായി ഡോ. തമാർ അഭിപ്രായപ്പെട്ടു.

പങ്കാളി ഗര്‍ഭിണി ആണെന്നും കുട്ടിക്കു മുലയൂട്ടാന്‍ അവർ താത്പര്യപ്പെടുന്നില്ലെന്നും പറഞ്ഞാണു ട്രാന്‍സ്ജെന്‍ഡർ യുവതി ആശുപത്രിയിൽ എത്തിയത്. ഇതാണു സുപ്രധാന വൈദ്യശാസ്ത്ര നേട്ടത്തിനു വഴിയൊരുക്കിയത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുലപ്പാൽ ചുരത്തുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾക്കു ഹോർമോൺ ചികിൽസ നടത്തിയ പുരുഷന്മാരിൽ മുലപ്പാൽ ഉത്പാദനം നടക്കാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു.

സാധാരണയായി പുരുഷന്മാരിൽ മുലപ്പാൽ ഉത്പാദിപ്പക്കപ്പെടാറില്ല. ഹോർമോൺ വ്യതിയാനത്താലാണു ഇതിൽ മാറ്റമുണ്ടാകാറുള്ളത്. എന്നാൽ, ട്രാൻസ്ജെൻഡർ യുവതി മുലപ്പാൽ ചുരത്തിയെന്നതു വലിയ കാര്യമാണെന്നു ലൊസാഞ്ചലസ് സെഡാർ–സിനായി മെഡിക്കൽ സെന്ററിലെ ട്രാൻസ്ജെൻഡർ സർജറി ആൻ‌ഡ് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. മൗറിസ് ഗാർസിയ പറഞ്ഞു.

related stories