Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്മശാനത്തിന് 100 കോടി, കുംഭമേളയ്ക്ക് 1,500; യോഗി സർക്കാരിന് 4.28 ലക്ഷം കോടിയുടെ ബജറ്റ്

Yogi Adityanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ∙ സംസ്ഥാന ചരിത്രത്തിലെ ‘വലിയ’ ബജറ്റുമായി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിനായി 4.28 ലക്ഷം കോടിയുടെ ബജറ്റാണു യോഗി സർക്കാർ അവതരിപ്പിച്ചത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 11.4 ശതമാനം അധികമാണിതെന്നു നിയമസഭയിൽ ധനമന്ത്രി രാജേഷ് അഗർവാൾ പറഞ്ഞു.

മുൻ വർഷം 3.84 കോടിയുടെ ബജറ്റായിരുന്നു ബിജെപി സർക്കാരിന്റേത്. ഇത്തവണ പുതിയ പദ്ധതികൾക്കു മാത്രം 14,341.89 കോടി വകയിരുത്തി. മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ വാരണാസിയിലെ വസതി മ്യൂസിയമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിന് 2,757 കോടിയാണ് വകയിരുത്തൽ. ഇതിൽ 404 കോടി മദ്രസകളുടെ നവീകരണത്തിനും 486 കോടി അറബി വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ്. ലക്നൗവിലെ സെക്രട്ടേറിയറ്റിലെ സുരക്ഷ മെച്ചപ്പെടുത്താൻ 13.50 കോടി നീക്കിവച്ചു.

പഞ്ചായത്തിരാജിന്റെ കീഴിൽ ഗ്രാമങ്ങളിൽ വിവിധ വിഭാഗങ്ങളുടെ ശ്മശാന വികസനത്തിന് 100 കോടി രൂപ നീക്കിവച്ചതു ബജറ്റിലെ പ്രത്യേകതയാണ്. ഊർജ മേഖലയ്ക്ക് 29,883 കോടി, പ്രാഥമിക വിദ്യാഭ്യാസത്തിന് 18,167 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് 2048 കോടി, വിദ്യാർഥികൾക്കു നൽകാനുള്ള പഴത്തിന് 167 കോടി, ഗ്രാമീണ മേഖലയിൽ സ്വച്ഛ് ഭാരതിന് 5000 കോടി, ബുന്ദേൽഖണ്ഡ് എക്സ്പ്രസ്‍വേയ്ക്ക് 650 കോടി, ഗോരഖ്പുർ ലിങ്ക് എക്സ്പ്രസ് വേയ്ക്ക് 550 കോടി, പൂർവാഞ്ചൽ എക്സ്പ്രസ് വേയ്ക്ക് 500 കോടി, സ്റ്റാർട്ടപ്പിന് 250 കോടി, ഇ ഓഫിസിന് 30 കോടി എന്നിങ്ങനെയാണു തുക വകയിരുത്തിയത്.

പ്രധാനമന്ത്രി ആവാസ് യോജന– 11,500 കോടി, മുഖ്യമന്ത്രി ആവാസ് യോജന– 200 കോടി, ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തൽ– 1040 കോടി, കുടിവെള്ള പദ്ധതി– 1500 കോടി, 2019 ലെ അലഹാബാദ് കുംഭമേള – 1500 കോടി, പശുപരിപാലനം– 98.5 ലക്ഷം, സെക്കൻഡറി വിദ്യാഭ്യാസം– 480 കോടി എന്നിങ്ങനെയും തുക മാറ്റിവച്ചു. വികസനത്തിൽ ഊന്നിയുള്ള ബജറ്റാണ് സഭയിൽ അവതരിപ്പിച്ചതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ലക്ഷ്യമിടുന്ന വളർച്ചാനിരക്കു നേടാനായാൽ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി യുപി മാറുമെന്നും യോഗി പറഞ്ഞു.